മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ ദയനീയ തോൽവിയുടെ ആഘാതത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ലോകം. മാസങ്ങൾക്കു മുമ്പ് മൂന്ന് ഫോർമാറ്റിലും ഒന്നാം റാങ്കുകാരായിരുന്നു ഇന്ത്യൻ ടീം. ടെസ്റ്റിലെ ഒന്നാംസ്ഥാനം നഷ്ടമായെങ്കിലും ഏകദിനത്തിലും ട്വന്റി20യിലും മുന്നിൽത്തന്നെയുണ്ട്. ടെസ്റ്റിലെ ടോപ് റാങ്ക് ആസ്ട്രേലിയയിൽനിന്ന് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി കിവികൾക്ക് മുന്നിൽ അടിപതറിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഫൈനൽ സാധ്യതകളെ വരെ ഇത് ബാധിക്കും.
ട്വന്റി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിയുന്നത്. പകരക്കാരനായെത്തിയ ഗൗതം ഗംഭീറിൽ വലിയ പ്രതീക്ഷകളായിരുന്നു. എന്നാൽ, മറിച്ചാണ് സംഭവിച്ചത്. 27 വർഷത്തിനിടെ ആദ്യമായി ശ്രീലങ്കയോട് ഏകദിന പരമ്പര തോറ്റു. 36 കൊല്ലത്തിന് ശേഷം ഇന്ത്യയിൽ ടെസ്റ്റ് ജയിക്കാൻ ന്യൂസിലൻഡിനായി. തീർന്നില്ല, 12 വർഷം ഒരു ടെസ്റ്റ് പരമ്പര പോലും സ്വന്തം മണ്ണിൽ ഇന്ത്യക്ക് നഷ്ടമായിരുന്നില്ല.
ആ കുതിപ്പിന് അന്ത്യമിട്ട കിവികൾ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടി. കുറഞ്ഞ മാസങ്ങൾക്കകം ഇത്രയും കാര്യങ്ങൾ ഗംഭീറിന് കീഴിൽ നടന്നുകഴിഞ്ഞു. ബോർഡർ -ഗവാസ്കർ ട്രോഫിയും ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയുമെല്ലാം ഗംഭീറിന്റെ ഭാവിയെ സംബന്ധിച്ച് നിർണായകമാണ്. പരാജയങ്ങൾ തുടർന്നാൽ സീനിയർ താരങ്ങളായ നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയവരുടെ നിലനിൽപും ചോദ്യം ചെയ്യപ്പെടും.
പരമ്പര നഷ്ടത്തിന് ശേഷവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയന്റ് ടേബിളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ട്. അത് പക്ഷേ ഒട്ടും സുരക്ഷിതമല്ല. ഇന്ത്യക്ക് 71.67 പോയന്റ് ശതമാനം ഉണ്ടായിരുന്നു പരമ്പരക്ക് മുമ്പ്. രണ്ടാം സ്ഥാനക്കാരായ ആസ്ട്രേലിയക്ക് 62.50 ശതമാനവും. രണ്ടാം ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇന്ത്യയുടെ പോയന്റ് ശതമാനം 62.82ലേക്ക് ഇടിഞ്ഞുവീണു.
നിലവിൽ ഓസീസിനേക്കാള്‍ 0.32 ശതമാനം മാത്രം മുന്‍തൂക്കം. ലോക ചാമ്പ്യന്‍ഷിപ് ഫൈനലിന് മുമ്പ് ആറ് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റും ആസ്ട്രേലിയയിൽ അഞ്ച് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരയും. ഇതില്‍ നാലെണ്ണത്തിലെങ്കിലും ജയിച്ചാൽ മാത്രമാണ് മറ്റു ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യക്ക് നേരിട്ട് ഫൈനലിലെത്താനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.