ന്യൂഡൽഹി: കാട്ടുതീയുടെ വേഗത്തിൽ പടരുന്ന കോവിഡ്. പ്രാണവായു കിട്ടാതെ പിടഞ്ഞുവീഴുന്ന മനുഷ്യർ. ജീവനായി പോരാടുന്ന പ്രിയപ്പെട്ടവർക്ക് ജീവശ്വാസമെത്തിക്കാൻ പെടാപ്പാടുപെടുന്ന ഉറ്റവർ. ഇന്ത്യയുടെ നിലവിലെ ചിത്രമാണിത്. ഇതിനിടയിൽ രാജ്യത്തെ രണ്ട് പ്രമുഖ നഗരങ്ങളിൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് പൂരവും പൊടിപൊടിക്കുന്നു.
ജനങ്ങൾ മരണമുനമ്പിൽ ജീവനായി പോരാടുന്ന സമയത്ത് ഐ.പി.എൽ തുടരുന്നത് ഉചിതമാണോ എന്ന ചർച്ചകൾക്ക് തുടക്കമിട്ടത് മുൻ ആസ്ട്രേലിയൻ ഇതിഹാസം ആഡം ഗിൽക്രിസ്റ്റാണ്. കോവിഡ് പോരാളികൾക്ക് ആശംസ നേർന്നുകൊണ്ടുള്ള ട്വീറ്റിലായിരുന്നു ഗില്ലിയുടെ ആശങ്ക ചോദ്യമായെറിഞ്ഞത്.
'എല്ലാ ഇന്ത്യക്കാർക്കും ഭാവുകങ്ങൾ നേരുന്നു. രാജ്യത്തെ കോവിഡ് വർധന ഭയപ്പെടുത്തുന്നതാണ്. ഇതിനിടയിലെ ഐ.പി.എൽ അനവസരത്തിലാണോ?. അതോ, ഓരോ രാത്രിയിലും ആശ്വാസമാവുന്നതോ? നിങ്ങളുടെ ചിന്തകളിൽ എന്തായാലും പ്രാർഥനകൾ.'
ബയോബബ്ൾ സുരക്ഷയിൽ പുരോഗമിക്കുന്ന ഐ.പി.എല്ലിനെ കോവിഡുമായി കൂട്ടിക്കെട്ടി ഗിൽക്രിസ്റ്റിെൻറ ട്വീറ്റിനും പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയും സജീവമായി. രണ്ടുപക്ഷമായി തിരിഞ്ഞെങ്കിലും ആരാധകർ ഏറെയും ഐ.പി.എൽ തുടരട്ടെ എന്ന അഭിപ്രായത്തിലായിരുന്നു. ഭീതിപ്പെടുത്തുന്ന വാർത്തകൾക്കിടെ ക്രിക്കറ്റ് മത്സരം കാണുന്നതും അതിനായി കാത്തിരിക്കുന്നതും മാത്രമാണ് ഈ കാലത്തെ ഏക ആശ്വാസമെന്ന് കാൺപൂരിൽനിന്നുള്ള ഒരു ആരാധകൻ കുറിച്ചു.
'തീർച്ചയായും ക്രിക്കറ്റ് ഒരു ആശ്വാസമാണ്. കോവിഡിൽ സ്തംഭിച്ച രാജ്യത്തെ വീണ്ടും ചലിപ്പിക്കാൻ ക്രിക്കറ്റിന് കഴിയും. കഴിഞ്ഞ സീസൺ വിജയകരമായി പൂർത്തിയാക്കി രാജ്യം മാതൃക കാണിച്ചതാണ്' -മുംബൈയിൽനിന്നുള്ള വൈഭവ് പഞ്ചോളി ഗിൽക്രിസ്റ്റിന് മറുപടി നൽകിയത് ഇങ്ങനെ.
അതേസമയം, രാജ്യം മഹാദുരന്തത്തെ നേരിടുേമ്പാൾ ഐ.പി.എൽ അനവസരത്തിലാണെന്ന വാദവുമായും ഒരു വിഭാഗം രംഗത്തെത്തി. ഐ.പി.എൽ പ്രഥമ സീസണിൽതന്നെ ടൂർണമെൻറിെൻറ ഭാഗമായിരുന്ന ഗിൽക്രിസ്റ്റ് 2009ൽ കിരീടം ചൂടിയ ഡെക്കാൻ ചാർജേഴ്സിെൻറ നായകനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.