ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിലെ സൂപ്പർ ബാറ്ററെ പ്രവചിച്ച് മുൻ ആസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്. സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, ബാബർ അസം, സ്റ്റീവൻ സ്മിത്ത് എന്നിവരൊന്നുമല്ല ഗിൽക്രിസ്റ്റിന്‍റെ പ്രവചനത്തിലുള്ളത്.
ഇന്ത്യയുടെ യുവ ഓപ്പണർ ശുഭ്മൻ ഗിൽ ഈ ലോകകപ്പിൽ സൂപ്പർതാരങ്ങളിലൊരാളാകുമെന്ന് ഗിൽക്രിസ്റ്റ് പറയുന്നു. അടുത്തകാലത്തായി ഗിൽ മികച്ച ഫോമിലാണ്. ഏഷ്യാ കപ്പിൽ റൺവേട്ടക്കാരനിൽ ഒന്നാമനായിരുന്നു. 303 റൺസാണ് താരം അടിച്ചെടുത്തത്. 2023ൽ ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ്. എല്ലാ ഫോർമാറ്റിലുമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഗിൽ നടത്തിയ പ്രകടനം അത്ഭുതപ്പെടുത്തിയെന്ന് ഒരു അഭിമുഖത്തിൽ ഗിൽക്രിസ്റ്റ് പറഞ്ഞു.
‘ശുഭ്മൻ ഗിൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ, എല്ലാ ഫോർമാറ്റിലും അദ്ദേഹം കാഴ്ചവെച്ച പ്രകടനം വിസ്മയിപ്പിക്കുന്നതാണ്. ലോകകപ്പിലെ മികച്ച പ്രകടനക്കാരിൽ ഒരാളാകും. അവർക്ക് നല്ല അനുഭവസമ്പത്തുണ്ട്, പ്രത്യേകിച്ച് രോഹിതിന്റെയും കോഹ്ലിയുടെയും. കെ.എൽ. രാഹുൽ അനുഭവസമ്പത്തുള്ള കളിക്കാരനാണ്, യുവാക്കളും പരിചയസമ്പന്നരുമായി സന്തുലിതമാണ് അവർ’ -ഗിൽക്രിസ്റ്റ് അഭിപ്രായപ്പെട്ടു.
അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒക്ടോബർ അഞ്ചിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുക. നവംബർ 19ന് ഇതേ സ്റ്റേഡിയത്തിൽ തന്നെയാണ് ഫൈനലും. നാട്ടിൽ നടക്കുന്ന ലോകകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല.
രോഹിത്ത് ശർമയും സംഘവും മൂന്നാം ലോക കിരീടം ഉയർത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യൻ ആരാധകർ. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.