പ്രതികൂല സാഹചര്യങ്ങളെ പോരാട്ട വീര്യംകൊണ്ട് മറികടന്ന ഒരു കൂട്ടം യുവാക്കളുടെ ചെറിയ ടീമായിരുന്നു അഫ്ഗാനിസ്താൻ. എന്നാൽ, ഏതു വമ്പന്മാരെയും മറിച്ചിടാൻ കെൽപുള്ള മികച്ച അന്താരാഷ്ട്ര താരങ്ങളുള്ള ടീമാണിന്ന് അഫ്ഗാൻ പട. ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളുടെ നിർണായ വിജയങ്ങളിൽ വലിയ സംഭാവന നൽകുന്ന ഒരുകൂട്ടം കളിക്കാർ അവർക്കൊപ്പമുണ്ട്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറായ റാഷിദ് ഖാനാണ് ടീമിന്റെ നായകൻ. ലോകത്തെ ഏറ്റവും അപകടകാരിയായ ബൗളറായ റാഷിദ് ഖാന്റെ നേതൃത്വത്തിൽ ശക്തമായ ടീമാണ് ഇക്കുറി കച്ചകെട്ടുന്നത്. ഐ.പി.എല്ലിൽ ചില കളികളിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കാനുള്ള ഉത്തരവാദിത്തവും റാഷിദ് ഖാനുണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പ് ടീമിലില്ലാതിരുന്ന കരീം ജനത്, മുഹമ്മദ് ഇസ്ഹാഖ്, നൂർ അഹമ്മദ് എന്നീ യുവതാരങ്ങളും ഇക്കുറി ടീമിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞതവണ ടീമിനെ നയിച്ച ഹഷ്മത്തുല്ല ഷാഹിദി ടീമിലില്ല.
ഈ വർഷം മാർച്ചിൽ അയർലൻഡിനെതിരെ അഫ്ഗാനിസ്താന് വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച യുവതാരം നംഗ്യാൽ ഖരോട്ടിയും ടീമിൽ ഇടം കണ്ടെത്തി. 2020, 2022 ക്രിക്കറ്റ് ലോകകപ്പുകളിൽ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് ഇഷാഖാണ് ഇടംനേടിയ മറ്റൊരു യുവ അഫ്ഗാൻ താരം. നായകൻ റാഷിദ് നയിക്കുന്ന സ്പിൻ ഡിപ്പാർട്ട്മെന്റിൽ
മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, നംഗ്യാൽ ഖരോട്ടി, മുഹമ്മദ് നബി എന്നിവർകൂടി ചേരുന്നതോടെ അഫ്ഗാൻ മറികടക്കൽ എതിർ ടീമുകൾക്ക് കടുപ്പമാവും. നവീൻ ഉൾ ഹഖ്, ഫരീദ് അഹമ്മദ്, ഫസൽഹഖ് ഫാറൂഖി എന്നിവർ ഫാസ്റ്റ് ബൗളിങ് നിരയിലും റഹ്മാനുല്ല ഗുർബാസ്, ഇബ്രാഹിം സദ്രാൻ, നജീബുല്ല സദ്രാൻ, മുഹമ്മദ് ഇസ്ഹാഖ് എന്നിവർ ബാറ്റിങ് നിരയിലും അണിനിരക്കും. അസ്മത്തുല്ല ഒമർസായി, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, കരീം ജനത്, റാഷിദ് ഖാൻ തുടങ്ങിയവരുടെ ആൾറൗണ്ടിങ് മികവും ടീമിന് കരുത്താവും. ഗ്രൂപ് സിയിൽ ന്യൂസിലാൻഡ്, പാപുവ ന്യൂ ഗിനിയ, വെസ്റ്റ് ഇൻഡീസ്, ഉഗാണ്ട എന്നിവരാണ് അഫ്ഗാന്റെ എതിരാളികൾ. ജൂൺ നാലിന് ഉഗാണ്ടയുമായാണ് അഫ്ഗാന്റെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.