ചെന്നൈ: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ വമ്പൻ ജയത്തിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് താരം മഹേന്ദ്ര സിങ് ധോണിയെ തേടിയെത്തി അതുല്യ റെക്കോഡ്. ഐ.പി.എല്ലിൽ 150 വിജയം നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. സഹതാരം രവീന്ദ്ര ജദേജയും മുംബൈ ഇന്ത്യൻസ് മുൻ ക്യാപ്റ്റൻ രോഹിത് ശർമയുമാണ് തൊട്ടുപിന്നിലുള്ളത്. ഇരുവരും 133 ജയം വീതമാണ് നേടിയത്. ബംഗളൂരു റോയൽ ചലഞ്ചേഴ്സ് താരം ദിനേശ് കാർത്തികിന് 125ഉം ധോണിയുടെ മുൻ സഹതാരം സുരേഷ് റെയ്ന 122ഉം വിജയങ്ങളുമായി തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
ഞായറാഴ്ച ഹൈദരാബാദിനെതിരെ അഞ്ചാമനായി ക്രീസിലെത്തിയ ധോണി രണ്ട് പന്തിൽ ഒരു ഫോറടക്കം അഞ്ച് റൺസുമായി പുറത്താവാതെനിൽക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ധോണിയെ പുറത്താക്കാൻ എതിർ ബൗളർമാർക്കായിട്ടില്ല.
സീസണിൽ കൂറ്റൻ സ്കോറുകളുയർത്തി കിരീട ഫേവറിറ്റുകളിൽ ഇടംപിടിച്ച ഹൈദരാബാദ് സൺറൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് അടിച്ചെടുത്തത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദിന്റെയും (54 പന്തിൽ 98) ഡാറിൽ മിച്ചലിന്റെയും (32 പന്തിൽ 52) അർധസെഞ്ച്വറികളുടെയും ശിവം ദുബെയുടെ വെടിക്കെട്ടിന്റെയും (20 പന്തിൽ 39) മികവിലാണ് ചെന്നൈ കൂറ്റൻ വിജയലക്ഷ്യമൊരുക്കിയത്. എന്നാൽ, ഹൈദരാബാദിന്റെ മറുപടി 134 റൺസിൽ ഒതുങ്ങുകയായിരുന്നു. 78 റൺസിനായിരുന്നു ചെന്നൈയുടെ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.