ജയ്പൂര്‍: വനിത പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീം കിരീടം നേടിയതിന് പിന്നാലെ ഇതുവരെ കിരീടം നേടാനാവാത്ത പുരുഷ ടീമിനെതിരെ ട്രോളുമായി രാജസ്ഥാന്‍ റോയല്‍സ്. രണ്ടാം സീസണിൽ തന്നെ വനിതകള്‍ കിരീടം നേടിയതിനുള്ള അഭിനന്ദനം ഐ.പി.എല്ലിൽ 16 വര്‍ഷമായി ചാമ്പ്യന്മാരാകാൻ കഴിയാത്ത പുരുഷ ടീമിനുള്ള പരിഹാസമായി അവതരിപ്പിച്ചിരിക്കുകയാണ് രാജസ്ഥാൻ.
സമൂഹ മാധ്യമമായ എക്സിൽ ‘അഭിനന്ദനങ്ങള്‍ ആർ.സി.ബി’ എന്ന് കുറിച്ച രാജസ്ഥാന്‍ റോയൽസ് അതിനൊപ്പം നൽകിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചക്കിടയാക്കിയത്. ഹാസ്യ ടെലിവിഷൻ പരമ്പരയായ ‘തരക് മെഹ്താ കാ ഉള്‍ട്ടാ ചഷ്മ’യിലെ ഗ്യാസ് സിലിണ്ടര്‍ ഉയര്‍ത്തുന്ന രംഗമാണ് പുരുഷ ടീമിനെ ട്രോളാൻ രാജസ്ഥാൻ പങ്കുവെച്ചത്. പുരുഷ കഥാപാത്രം ഗ്യാസ് സിലിണ്ടര്‍ പൊക്കുന്നതിൽ പരാജയപ്പെട്ട് നില്‍ക്കുമ്പോള്‍ സ്ത്രീ കഥാപാത്രം അനായാസം ഗ്യാസ് സിലിണ്ടറെടുത്ത് ഒക്കത്തുവെച്ച് നടന്നുപോകുന്ന രംഗമാണ് പങ്കുവെച്ചിരിക്കുന്നത്. ഇതാണ് യഥാർഥത്തിൽ സംഭവിച്ചിരിക്കുന്നതെന്ന് ചിലർ താഴെ കമന്റുകളായി ചേർത്തിട്ടുണ്ട്. ചിലർ പുരുഷ കഥാപാത്രത്തിന്റെ തല വെട്ടിമാറ്റി പകരം വിരാട് കോഹ്‍ലിയുടെ ചിത്രം വെച്ചാണ് ട്രോളാൻ എത്തിയിരിക്കുന്നത്. എന്നാല്‍, ഇതിനുള്ള മറുപടി വൈകാതെ തരുമെന്നും കാത്തിരിക്കാനുമാണ് ആർ.സി.ബി ആരാധകരുടെ മറുപടി. ഒത്തുകളിയുടെ പേരില്‍ ആർ.സി.ബി വിലക്കപ്പെട്ടിട്ടില്ലെന്ന പ്രതിരോധവുമായും ചിലർ രംഗത്തെത്തി.
വനിത ടീം കിരീടം നേടുകയും പുരുഷ ടീം അംഗങ്ങൾ അഭിനന്ദനവുമായി എത്തുകയും ആഘോഷങ്ങളിൽ പങ്കാളികളാകുകയും ചെയ്തതോടെ സമൂഹ മാധ്യമങ്ങളിൽ പുരുഷ ടീമിനെ ട്രോളി നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്.
22ന് തുടങ്ങുന്ന പുരുഷ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. 16 വർഷമായി ഐ.പി.എൽ കളിക്കുന്ന പുരുഷ ടീമിന് ഇതുവരെ ജേതാക്കളാവാൻ കഴിഞ്ഞിട്ടില്ല. മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും 2009ൽ ഡെക്കാൻ ചാർജേഴ്സിനോടും 2011ൽ ചെന്നൈ സൂപ്പർ കിങ്സിനോടും 2016ൽ സൺറൈസേഴ്സ് ഹൈദരാബാദിനോടും തോൽക്കുകയായിരുന്നു.
വനിത പ്രീമിയർ ലീഗ് ഫൈനലിൽ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തോൽപിച്ചാണ് ആർ.സി.ബിയുടെ ആദ്യ കിരീട നേട്ടം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസ് മുന്നോട്ടുവെച്ച 114 റൺസ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനിൽക്കെ ബാംഗ്ലൂർ മറികടക്കുകയായിരുന്നു. 37 പന്തിൽ 35 റൺസെടുത്ത് പുറത്താകാതെ നിന്ന എല്ലിസ് പെറിയും 27 പന്തിൽ 32 റൺസെടുത്ത സോഫി ഡിവൈനും 39 പന്തിൽ 31 റൺസെടുത്ത ക്യാപ്റ്റൻ സ്മൃതി മന്ഥാനയുമാണ് ബാംഗ്ലൂരിനെ ജയത്തിലേക്ക് നയിച്ചത്. റിച്ച ഘോഷ് 14 പന്തിൽ 17 റൺസെടുത്ത് പുറത്താകാതെനിന്നു.
നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലും മൂന്ന് വിക്കറ്റ് നേടിയ സോഫീ മോലിന്യൂക്സും രണ്ട് വിക്കറ്റ് നേടിയ മലയാളി താരം ആശ ശോഭനയും ചേർന്നാണ് ഡൽഹി ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.