ഔട്ട്ഫീൽഡിൽ ഫംഗസ് ബാധ; ധരംശാല സ്റ്റേഡിയത്തിൽ ലോകകപ്പ് നടക്കുമോ..?

ധരംശാല: ലോകകപ്പ് മത്സരങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആശങ്കയായി ധരംശാല സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ ഔട്ട്ഫീൽഡ് ഫംഗസ് ബാധിച്ചതാണ് സംഘാടകർക്ക് തലവേദനയാകുന്നത്. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള (എച്ച്.പി.സി.എ) സ്റ്റേഡിയത്തിൽ ഐ.സി.സി സംഘം പരിശോധിച്ചപ്പോൾ കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചത്.

ഐ.സി.സി പിച്ച് കൺസൾട്ടന്റ് തലവൻ ആൻഡി അറ്റ്കിൻസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയിൽ അതൃപ്തി രേഖപ്പെടുത്തിയത്.

ഔട്ട്ഫീൽഡിൽ ഗ്രേഡ് IV ഫംഗസ് ബാധയുണ്ടെന്നും ഈ ഒരു അവസ്ഥയിൽ മത്സരങ്ങൾ നടത്താൻ കഴിയില്ലെന്നുമാണ് അറ്റ്കിൻസൺ ബി.സി.സി.ഐയെ അറിയിച്ചത്. എന്നാൽ, പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കുമെന്ന് ബി.സി.സി.ഐ ഐ.സി.സിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

സെപ്റ്റംബർ 20 നകം ബി.സി.സി.ഐ ടീം പരിശോധന നടത്തുമെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ധരംശാലയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നും ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.

ഒക്ടോബർ ഏ‍ഴിനാണ് ധരംശാലയിലെ ആദ്യ മത്സരം. ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിന് മുൻപ് സ്റ്റേഡിയം പൂർണ സജ്ജമാക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബി.സി.സിഐയും എച്ച്.പി.സി.എയും.

അതേസമയം, ഏതെങ്കിലും കാരണവശാൽ സ്റ്റേഡിയത്തിൽ കളി നടത്താനാവാതെ വന്നാൽ തിരുവനന്തപുരം ഗ്രീൻഫീൽഡിനുൾപ്പെടെ നറുക്ക് വീണേക്കാം. നിലവിൽ ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കായി ഒരുങ്ങിയിരിക്കുന്ന കാര്യവട്ടം, ഗുവഹാത്തി, ഹൈദരാബാദ് വേദികളിലൊന്നിലേക്ക് മാറ്റുക പ്രയാസമുണ്ടാകില്ല.  

ഈ വർഷം ഇത് രണ്ടാം തവണയാണ് ധരംശാലയിലെ ഔട്ട്ഫീൽഡിനെക്കുറിച്ച് ആശങ്ക ഉയരുന്നത്. മാർച്ചിൽ ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന് വേദിയൊരുക്കുന്നതിലും എച്ച്.പി.സി.എ പരാജയപ്പെട്ടിരുന്നു. ടെസ്റ്റിന് രണ്ടാഴ്ച മുമ്പാണ് ഔട്ട്ഫീൽഡ് മൊട്ടയായതിനെ തുടർന്ന് മത്സരം ഇൻഡോറിലേക്ക് മാറ്റിയത്.

തുടർന്ന് രണ്ട് മാസത്തിന് ശേഷം രണ്ട് ഐ.പി.എൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിരുന്നു. 

ഹിമാചൽ പ്രദേശിൽ ഈ വർഷം കനത്ത മഴയായിരുന്നു. ഇത് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളെ വളരെയധികം ബാധിച്ചിട്ടുണ്ട്. എന്നാൽ, സ്റ്റേഡിയം ഔട്ട് ഫീൽഡിലെ ഫംഗസ് ബാധക്ക് കാരണം മഴയല്ലെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.


Tags:    
News Summary - Ahead of World Cup, concerns over fungus-infected Dharamsala stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.