ന്യൂഡൽഹി: ഈമാസം 17ന് തുടങ്ങുന്ന ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അപ്രതീക്ഷിതമായി മാറ്റംവരുത്തി ബി.സി.സി.ഐ നേരത്തേ ടീമിലെടുത്ത കളിക്കാരനെ പരിക്കൊന്നുമില്ലാതിരുന്നിട്ടും ഒഴിവാക്കിയാണ് ബി.സി.സി.ഐ മറ്റൊരു താരത്തെ ഉൾപ്പെടുത്തിയത്. 15 അംഗ ടീമിൽനിന്ന് ഇടംകൈയ്യൻ സ്പിന്നർ അക്സർ പട്ടേലിനെയാണ് തഴഞ്ഞത്. പേസ് ബൗളർ ശർദുൽ ഠാക്കൂറിനെയാണ് പകരം ടീമിലെടുത്തത്.
പേസ് ബൗളിങ് ഓൾറൗണ്ടറായി ടീമിലിടംപിടിച്ച ഹാർദിക് പാണ്ഡ്യക്ക് ബൗൾ ചെയ്യാൻ കഴിയാത്തതിനാൽ ടീമിൽ ഒരു പേസർ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അക്സറിനെ ഒഴിവാക്കി ശർദുലിനെ ഉൾപ്പെടുത്തുന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. അക്സർ സ്റ്റാൻഡ് ബൈ ആയി തുടരുമെന്നും അദ്ദേഹം അറിയിച്ചു. ആർ. അശ്വിൻ, രവീന്ദ്ര ജദേജ, വരുൺ ചക്രവർത്തി എന്നീ സ്പിന്നർമാർ ടീമിലുള്ളതിനാൽ അക്സറിെൻറ കൂടി ആവശ്യമില്ലെന്നും ഇവരിലാർക്കെങ്കിലും പരിക്കേറ്റാൽ അക്സർ ടീമിലെത്തുമെന്നുമാണ് ബി.സി.സി.ഐയുടെ നിലപാട്.
15 അംഗ ടീമിനുപുറമെ ശ്രേയസ് അയ്യർ, ദീപക് ചഹാർ, അകസ്ർ പട്ടേൽ എന്നിവരാണ് സ്റ്റാൻബൈ പട്ടികയിലുള്ളത്. കൂടാതെ ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, ഉംറാൻ മാലിക്. ലുക്മാൻ മെറിവാല, വെങ്കിടേഷ് അയ്യർ, ഷഹബാസ് അഹ്മദ്, കൃഷ്ണപ്പ ഗൗതം, കരൺ ശർമ എന്നിവർ ടീമിനെ സഹായിക്കാൻ ജൈവ കുമിളയിൽ തുടരും. സമീപകാലത്തൊന്നും തിളങ്ങാതിരുന്ന ലെഗ്സ്പിന്നർ കരൺ ശർമയെ ഉൾപ്പെടുത്തിയത് അത്ഭുതമായി. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിെൻറ താരമായ കരൺ അടുത്തിടെയൊന്നും ടീമിനായി സ്ഥിരമായി കളിച്ചിട്ടില്ല. ഐ.പി.എല്ലിൽ ഭേദപ്പെട്ട ഫോമിലായിരുന്ന യുസ്വേന്ദ്ര ചഹലിനെയും തരക്കേടില്ലാതെ പന്തെറിഞ്ഞ രാഹുൽ ചഹാറിനെയും പോലുള്ള ലെഗ്സ്പിന്നർമാരെ അവഗണിച്ചപ്പോഴാണ് കരൺ ശർമയെ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.