ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൻ ആരാധകവൃന്ദമുള്ള കായിക താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ വിരാട് കോഹ്ലി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുള്ള ധനസമാഹരണമായാലും താരത്തിന്‍റെ ചെറുപ്പകാലത്തെ ചിത്രമായാലും കോഹ്ലിയെ കുറിച്ചുള്ള എന്തും തലക്കെട്ടുകളായി മാറാറാണ് പതിവ്.
ശനിയാഴ്ച രാത്രി ഇത്തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. സ്കൂൾ കാലത്ത് കോഹ്ലി പൂരിപ്പിച്ച ഒരു സ്ലാംബുക്കിന്‍റെ ചിത്രമായിരുന്നു അത്. കോഹ്ലിയുടെ സുഹൃത്തായ ഷലജ് സോൻദിയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
പുസ്തകത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരമാകുകയാണ് തന്‍റെ ആഗ്രഹമെന്ന് എഴുതിയ കോഹ്ലി ഇഷ്ടപ്പെട്ട വിനോദമായി തെരഞ്ഞെടുത്തത് ഫുട്ബാളാണ്. ഇഷ്ടപ്പെട്ട നിറം കറുപ്പാണ്. ഏറ്റവും ആരാധിക്കുന്ന വ്യക്തി ബോളിവുഡ് നടൻ ഋതിക് റോഷനാണ്. കോഹ്ലിയുടെ ന്യൂഡൽഹിയിലെ വീടിന്‍റെ വിലാസവും ഫോൺ നമ്പറുമടക്കം സ്ലാംബുക്കിൽ എഴുതിയിട്ടുണ്ട്. വിഷമിപ്പിച്ച മുഹൂർത്തം ഇതുവരെയില്ല എന്നാണ് കോഹ്ലി പൂരിപ്പിച്ചിരിക്കുന്നത്.
കോഹ്ലിയുടെ സുഹൃത്തിന്‍റെ പോസ്റ്റ് വൈറലാകുകയും ആരാധകർ അത് ഒരു പ്രചോദനമാക്കി എടുക്കാൻ ആഹ്വാനം െചയ്യുകയുമാണ്. കോഹ്ലിയെപ്പോലെ ലക്ഷ്യങ്ങൾ നിറവേറ്റുന്നവരായി മാറൂ എന്നാണ് ഒരു ഫാൻ പേജ് ചിത്രം പങ്കുവെച്ച് കൊണ്ട് ട്വിറ്ററിൽ കുറിച്ചത്.
കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ കൈമാറുന്ന ഒരു നോട്ട്ബുക്ക് ആണ് സ്ലാം ബുക്ക്. പുസ്തകത്തിന്‍റെ ഉടമ ഒരു ചോദ്യം ചോദിച്ച് കൊണ്ട് ആരംഭിക്കുന്നു. പിന്നീട് വിവിധ ചോദ്യങ്ങൾക്കുള്ള ഉത്തരം മറ്റ് സുഹൃത്തുക്കൾക്ക് പൂരിപ്പിക്കുന്നതിന് കൈമാറുകയാണ് ചെയ്യുക.
ഐ.പി.എല്ലിൽ കോഹ്ലിയുടെ നായകത്വത്തിന് കീഴിലിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മികച്ച ഫോമിലായിരുന്നു. ആദ്യ ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവുമായി ടീം പോയന്‍റ് പട്ടികയിൽ മുൻപന്തിയിലായിരുന്നു. എന്നാൽ കോവിഡ് വ്യാപനം മൂലം ടൂർണമെൻറ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടിൽ നടക്കാൻ പോകുന്ന ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനാണ് ഇന്ത്യൻ ടീം ഇനി ഒരുങ്ങുന്നത്. സതാംപ്റ്റണിലെ റോസ്ബൗളിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.