ശാകിബിനോടുള്ള എല്ലാ ബഹുമാനവും പോയി...; ടൈംഡ് ഔട്ടിൽ പ്രതികരിച്ച് എയ്ഞ്ചലോ മാത്യൂസ്

ടൈംഡ് ഔട്ടിൽ പുറത്തായതിനു പിന്നാലെ നായകൻ ശാകിബുൽ ഹസനെയും ബംഗ്ലാദേശ് ടീമിനെയും രൂക്ഷമായി വിമർശിച്ച് ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസ്. ശാകിബിൽനിന്നുണ്ടായത് മോശം അനുഭവമാണെന്ന് താരം പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ട് രീതിയിൽ പുറത്താകുന്ന താരമാണ് മാത്യൂസ്. നിശ്ചിത സമയം കഴിഞ്ഞിട്ടും താരം ബാറ്റിങ്ങിന് തയാറാകാതെ വന്നതോടെ ബംഗ്ലാദേശിന്‍റെ അപ്പീൽ അമ്പയർ അംഗീകരിക്കുകയായിരുന്നു. തുടർന്ന് ശാകിബിനോടടക്കം മാത്യൂസ് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ടൈംഡ് ഔട്ടിനായുള്ള ശാകിബിന്‍റെ അപ്പീൽ മനസ്സില്ല മനസ്സോടെ അമ്പയർ അംഗീകരിക്കുകയായിരുന്നു.

ഒരു ബാറ്റർ ഔട്ടായാൽ അടുത്ത ബാറ്റർ മൂന്നു മിനിറ്റിനകം (ലോകകപ്പിൽ ഇത് രണ്ടു മിനിറ്റ്) ബാറ്റിങ്ങിന് തയാറാകണമെന്നാണ് ചട്ടം. ‘ശാകിബുൽ ഹസനിൽനിന്നും ബംഗ്ലാദേശ് താരങ്ങളിൽനിന്നുമുണ്ടായത് മോശം അനുഭവമാണ്. അവർ ഈ തരത്തിലാണ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ, ഗുരുതരമായ എന്തോ കുഴപ്പമുണ്ട്. നാണക്കേടാണിത്. ഇന്ന് വരെ എനിക്ക് ശാകിബിനോട് വലിയ ബഹുമാനം തോന്നിയിരുന്നു, പക്ഷേ അവൻ തന്നെ എല്ലാം ഇല്ലാതാക്കി. വിഡിയോ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്, അത് പുറത്തുവിടും’ -മത്സരശേഷം മാത്യൂസ് പറഞ്ഞു.

നിങ്ങൾ ബഹുമാനിക്കുന്ന ആളുകൾ തിരിച്ചും ബഹുമാനിക്കും. ബംഗ്ലാദേശ് ആദ്യം ക്രിക്കറ്റിനെ ബഹുമാനിക്കാൻ പഠിക്കണം. നാമെല്ലാവരും ക്രിക്കറ്റിന്‍റെ അംബാസഡർമാരാണ്. ബംഗ്ലാദേശ് ചെയ്തത് പോലെ മറ്റൊരു ടീമും ചെയ്യില്ല. 15 വർഷമായി ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഒരുടീമും ഈ നിലവാരത്തിലേക്ക് താഴുന്നത് കണ്ടിട്ടില്ലെന്നും മാത്യൂസ് കൂട്ടിച്ചേർത്തു.

അതേസമയം, മത്സരത്തിൽതന്നെ ശാകിബിനെ പുറത്താക്കി മാത്യൂസ് മധുരപ്രതികാരം ചെയ്യുന്ന നാടകീയ നിമിഷത്തിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. സെഞ്ച്വറിയിലേക്കു നീങ്ങിയ ശാകിബ് മാത്യൂസിന്‍റെ പന്തിലാണ് പുറത്തായത്.

Tags:    
News Summary - Angelo Mathews Breaks Silence On His Timed Out Dismissal; Watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.