മുംബൈ: ഇന്ത്യയുടെ വിഖ്യാത താരം സചിൻ ടെണ്ടുൽകറുടെ മകൻ അർജുൻ ടെണ്ടുൽകറെ ഐ.പി.എൽ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് തങ്ങളുടെ അണിയിലെത്തിച്ചു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് തങ്ങളുടെ പ്രിയതാരത്തിന്‍റെ മകനെ റിലയൻസ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ് ലേലം പിടിച്ചത്. 2008 മുതൽ 2013വരെ സചിൻ മുംബൈക്കായി ബാറ്റേന്തിയിരുന്നു.
ഇടങ്കയ്യൻ മീഡിയം പേസറായ അർജുൻ െടണ്ടുൽകർ മുംബൈ ഇന്ത്യൻസിലെത്തുമെന്ന സൂചനകൾ നേരത്തേ പുറത്തുവന്നതോടെ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ രണ്ട് ട്വന്‍റി20 മത്സരങ്ങളുടെ പരിചയം മാത്രമുള്ള താരമാണ് അർജുൻ. അടുത്തിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി അരങ്ങേറിയ താരത്തിന് തിളങ്ങാനായിരുന്നില്ല. രണ്ട് മത്സരങ്ങൾ കളിച്ച അർജുൻ രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ മൂന്ന് റൺസ് മാത്രമാണ് നേടാനായത്.
ഹരിയാനക്കെതിരായ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ അർജുൻ മൂന്നോവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. പുതുച്ചേരിക്കെതിരായ രണ്ടാം മത്സരത്തിൽ മൂന്ന് റൺസ് സ്കോർ െചയ്യുകയും 33 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് മത്സരങ്ങളിലും മുംബൈ തോറ്റു. ഇതോടെയാണ് കൗമാരക്കാരന്‍റെ ഐ.പി.എൽ പ്രവേശനത്തെ സ്വജനപക്ഷതപാതവുമായി ബന്ധപ്പെടുത്തി ആരാധകർ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.