ന്യൂഡൽഹി: കർഷക സമരത്തെ അനുകൂലിച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിന് പിന്നാലെ കേന്ദ്ര സർക്കാർ തുടക്കമിട്ട 'ഇന്ത്യ എഗയിൻസ്റ്റ് പ്രെപഗാൻഡ' കാമ്പയിനിൽ അണിചേർന്ന ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ കടുത്ത വിമർശനത്തിന് പാത്രമായിരുന്നു.
എന്നാൽ ഇപ്പോൾ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് സചിൻ. ഇൗ മാസം 18ന് നടക്കാൻ പോകുന്ന ഐ.പി.എൽ താരലേലത്തിൽ സചിന്‍റെ മകൻ അർജുൻ ടെണ്ടുൽക്കറിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്.
രണ്ട് ട്വന്‍റി20 മത്സരങ്ങളുടെ പരിചയം മാത്രമുള്ള അർജുനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. അടുത്തിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി അരങ്ങേറിയ താരത്തിന് തിളങ്ങാനായിരുന്നില്ല.
രണ്ട് മത്സരങ്ങൾ കളിച്ച അർജുൻ രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ മൂന്ന് റൺസ് മാത്രമാണ് നേടാനായത്. ഹരിയാനക്കെതിരായ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ അർജുൻ മൂന്നോവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
പുതുച്ചേരിക്കെതിരായ രണ്ടാം മത്സരത്തിൽ മൂന്ന് റൺസ് സ്കോർ െചയ്യുകയും 33 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് മത്സരങ്ങളിലും മുംബൈ തോറ്റു. ഇതോടെയാണ് കൗമാരക്കാരന്‍റെ ഐ.പി.എൽ പ്രവേശനത്തെ ചോദ്യം ചെയ്ത് ആരാധകർ രംഗത്തെത്തിയത്.
75 ലക്ഷം രൂപ അടിസ്ഥാന വിലയുമായി മലയാളി താരം എസ്. ശ്രീശാന്തും ലേലത്തിനുണ്ട്.
കർഷക സമരത്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേരെ കണ്ണടച്ച് കേന്ദ്ര സർക്കാറിന്‍റെ അജണ്ടക്ക് അനുസരിച്ച് നിലപാടെടുത്ത സചിനെതിരെ സോഷ്യൽ മീഡിയയിലും പുറത്തും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം കലൂർ സ്റ്റേഡിയത്തിലെ സചിൻ പവലിയന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ താരത്തിന്‍റെ കട്ടൗട്ടിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചിരുന്നു.
ഐ.പി.എൽ താരലേലത്തിനായി 1097 കളിക്കാരാണ് രജിസ്റ്റർ ചെയ്തത്. ഇന്ത്യക്കായി കളിച്ച 21 പേർ ഉൾപ്പെടെ 207 രാജ്യാന്തര താരങ്ങളാണ് രജിസ്റ്റർ ചെയ്തത്. 863 പേർ ഇതുവരെ ഐ.പി.എൽ കളിക്കാത്തവരാണ്. 56 പേരുള്ള വിൻഡീസാണ് പട്ടികയിൽ മുന്നിൽ. ആസ്ട്രേലിയ (42), ദക്ഷിണാഫ്രിക്ക (38), ശ്രീലങ്ക (31), അഫ്ഗാൻ (30) എന്നിങ്ങനെയാണ് മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.