അർജുൻ ടെണ്ടുൽകറിന്‍റെ ആദ്യ ഐ.പി.എൽ സിക്സ്; പിതാവിനോട് താരതമ്യപ്പെടുത്തി ആരാധകർ; സമൂഹമാധ്യമങ്ങളിൽ വൈറൽ

ഐ.പി.എൽ അരങ്ങേറ്റ സീസണിൽ മുംബൈ ഇന്ത്യൻസ് താരവും ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറിന്‍റെ മകനുമായ അർജുൻ ടെണ്ടുൽകർ ബൗളിങ്ങിൽ തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ താരം തന്‍റെ ഐ.പി.എൽ കരിയറിലെ രണ്ടാമത്തെ വിക്കറ്റും സ്വന്തമാക്കി.

ഗുജറാത്ത് ഓപ്പണർ വൃദ്ധിമാൻ സാഹയെയാണ് പുറത്താക്കിയത്. മത്സരത്തിൽ ബാറ്റിങ്ങും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചു. ബാറ്റിങ്ങിന് ആദ്യമായി അവസരം ലഭിച്ച മത്സരത്തിൽ, ഒമ്പതാമനായി ക്രീസിലെത്തിയ അര്‍ജുന്‍ ഒമ്പത് പന്തുകള്‍ നേരിട്ട് 13 റണ്‍സെടുത്താണ് മടങ്ങിയത്. കളിയിലെ അവസാന ഓവറില്‍ മോഹിത് ശര്‍മക്കെതിരെ അര്‍ജുന്‍ ഒരു സിക്സടിക്കുകയും ചെയ്തു. മിഡ് വിക്കറ്റിലേക്ക് കൂറ്റൻ സിക്സർ പറത്തുകയായിരുന്നു. താരത്തിന്‍റെ സിക്സ് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകർ.

ആഭ്യന്തര ക്രിക്കറ്റില്‍ ഓള്‍റൗണ്ടര്‍ മികവ് പുറത്തെടുത്തിട്ടുള്ള അര്‍ജുന്‍ രഞ്ജിയില്‍ അരങ്ങേറ്റത്തില്‍ തന്നെ ഗോവക്കായി സെഞ്ച്വറി നേടിയിരുന്നു. മത്സരശേഷം അർജുന്‍റെയും പിതാവ് സചിന്‍റെയും ഐ.പി.എൽ കരിയറിനെ താരതമ്യപ്പെടുത്തുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. സചിൻ സീസണിലെ 36ാം മത്സരത്തിലാണ് തന്‍റെ ആദ്യ ഐ.പി.എൽ സിക്സ് നേടുന്നത്. അർജുൻ സീസണിലെ 35ാമത്തെ മത്സരത്തിലും. ഇരുവരും ആറാമത്തെ പന്തിലാണ് സിക്സ് നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. അതും അഞ്ചു പന്തിൽ അഞ്ചു റൺസുമായി ക്രീസിലുള്ളപ്പോൾ.

കൂടാതെ, മത്സരത്തിൽ ഇരുവരും പുറത്താകുന്നത് ഹരിയാനയിൽനിന്നുള്ള ശർമയുടെ പന്തുകളിലും -ജോഗീന്ദർ ശർമയും മോഹിത് ശർമയും. മത്സരത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 55 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയാണ് മുംബൈ വഴങ്ങിയത്. അഫ്ഗാൻ സ്പിൻ ബൗളർമാരായ നൂർ അഹമ്മദിനും റാഷിദ് ഖാനും മുന്നിൽ മുംബൈ തകർന്നടിയുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 207 റൺസാണ് അടിച്ചെടുത്തത്. ശുഭ്മാൻ ഗിൽ 56 റൺസ് നേടി ടോപ് സ്‌കോററായി. മുംബൈയുടെ മറുപടി ബാറ്റിങ് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 152 റൺസിന് അവസാനിച്ചു.

Tags:    
News Summary - Arjun Tendulkar Smashes First Six Of IPL Career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.