രണ്ടു വർഷമായി മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമാണെങ്കിലും ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറിന് ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) അരങ്ങേറ്റം കുറിക്കാനായിട്ടില്ല. 2021ൽ പരിക്കേറ്റ് പുറത്തിരിന്നെങ്കിൽ, തൊട്ടടുത്ത വർഷം അർജുന് ഒരിക്കൽപോലും പ്ലെയിങ് ഇലവനിൽ ഇടംനേടാനായില്ല.
ആ വർഷം പോയന്‍റ് പട്ടികയിൽ ഏറ്റവും അവസാനമായാണ് മുംബൈ ഫിനിഷ് ചെയ്തത്. പുതിയ സീസണിലും ടീമിനൊപ്പം സജീവമായി അർജുനും പരിശീലനത്തിന് ഇറങ്ങുന്നുണ്ട്. അർജുൻ ഇത്തവണ അരങ്ങേറ്റ മത്സരം കളിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒറ്റവാക്കിലാണ് മുംബൈ നായകൻ രോഹിത് ശർമ മറുപടി പറഞ്ഞത്.
‘നല്ല ചോദ്യം, പ്രതീക്ഷയോടെ’ എന്നായിരുന്നു താരത്തിന്‍റെ മറുപടി. ടൂർണമെന്‍റിനു മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. ടീം പരിശീലകൻ മാർക് ബൗച്ചറും അർജുന് അനുകൂലമായാണ് സംസാരിച്ചത്. അർജുൻ തന്റെ ബൗളിങ് കൊണ്ട് പലരെയും അത്ഭുതപ്പെടുത്തി, അവൻ തയാറാണെങ്കിൽ, തീർച്ചയായും താരത്തെ സെലക്ഷനിൽ പരിഗണിക്കും -ബൗച്ചർ പറഞ്ഞു.
അതേസമയം, സീസണിലെ ഏതാനും മത്സരങ്ങൾ രോഹിത് ശർമ കളിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ജോലി ഭാരം കുറക്കാനും ആവശ്യത്തിനു വിശ്രമമെടുക്കാനുമാണു രോഹിത് ശർമയുടെ തീരുമാനം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഏകദിന ലോകകപ്പ് ക്രിക്കറ്റും കണക്കിലെടുത്താണ് താരം വിശ്രമം എടുക്കുന്നത്. ഈമാസം 31ന് നടക്കുന്ന ഐ.പി.എൽ 2013ലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പര്‍ കിങ്സുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.