രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) റാങ്കിങ്ങിൽ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്ക് പിന്നിൽ ആസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ടെസ്റ്റിൽ ഇന്ത്യക്ക് 122 പോയന്റുള്ളപ്പോൾ ആസ്ട്രേലിയയുടേത് 120 ആണ്. ഏകദിനത്തിൽ ഇത് യഥാക്രമം 121, 118 എന്നിങ്ങനെയാണ്. ട്വന്റി 20യിൽ 266 പോയന്റുള്ള ഇന്ത്യക്ക് പിറകിൽ 256 പോയന്റുമായി ഇംഗ്ലണ്ടാണ് രണ്ടാമത്.
ടെസ്റ്റ് ബൗളർമാരിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പിന്തള്ളി സഹതാരം രവിചന്ദ്രൻ അശ്വിൻ ഒന്നാം സ്ഥാനം പിടിച്ചു. അശ്വിന് 870 പോയന്റുള്ളപ്പോൾ ബുംറ 847 പോയന്റുമായി മൂന്നാമതായി. രണ്ടാം സ്ഥാനത്തുള്ള ആസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡിനും 847 പോയന്റാണുള്ളത്. ധരംശാല ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് നേടിയതാണ് അശ്വിനെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ചത്. ജനുവരിയിലാണ് അശ്വിനെ പിന്തള്ളി ബുംറ ഒന്നാം റാങ്കിലെത്തിയത്. എന്നാല്‍, ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയില്‍ 26 വിക്കറ്റുമായി അശ്വിന്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു. ഏഴാമതുള്ള രവീന്ദ്ര ജദേജയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.
ഏകദിന ബൗളർമാരിൽ ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യൻ താരങ്ങളായ മുഹമ്മദ് സിറാജ് (4), ജസ്പ്രീത് ബുംറ (5), കുൽദീപ് യാദവ് (8) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. ട്വന്റി 20യിൽ ഇംഗ്ലണ്ടിന്റെ ആദിൽ റാഷിദ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യയുടെ അക്സർ പട്ടേൽ നാലും രവി ബിഷ്‍ണോയി ആറും സ്ഥാനത്തുണ്ട്.
ടെസ്റ്റ് ബാറ്റർമാരിൽ ന്യൂസിലാൻഡിന്റെ കെയ്ൻ വില്യംസൺ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യൻ നായകൻ രോഹിത് ശർമ അഞ്ച് സ്ഥാനം മുന്നോട്ടു കയറി ആറാം റാങ്കിലെത്തി. യശസ്വി ജയ്സ്വാൾ രണ്ട് സ്ഥാനം മുന്നോട്ടു കയറി എട്ടാമതെത്തിയപ്പോൾ കഴിഞ്ഞ പരമ്പരയിൽ കളിക്കാതിരുന്ന വിരാട് കോഹ്‍ലി ഒരു സ്ഥാനം ഇറങ്ങി ഒമ്പതാമതായി.
ഏകദിനത്തിൽ പാകിസ്താന്റെ ബാബർ അസം ഒന്നാമതുള്ളപ്പോൾ ശുഭ്മൻ ഗിൽ രണ്ടും വിരാട് കോഹ്‍ലി മൂന്നും രോഹിത് ശർമ അഞ്ചും സ്ഥാനത്തെത്തി. ട്വന്റി 20യിൽ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ആറാമതുള്ള യശസ്വി ജയ്സ്വാളാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. ടെസ്റ്റ് ആൾറൗണ്ടർമാരിൽ രവീന്ദ്ര ജദേജ ഒന്നും അശ്വിൻ രണ്ടും സ്ഥാനത്ത് തുടരുമ്പോൾ ഏകദിനത്തിൽ അഫ്ഗാൻ താരം മുഹമ്മദ് നബിയും ട്വന്റി 20യിൽ ബംഗ്ലാദേശിന്റെ ഷാകിബ് അൽ ഹസനുമാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.