ദുബൈ: ഏഷ്യാ കപ്പിൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന സൂപ്പർ പോരിൽ പാകിസ്താനെതിരെ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഫീൽഡിങ് തെരഞ്ഞെടുത്തു. ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഋഷഭ് പന്തിന് ഇടം ലഭിക്കാതിരുന്നപ്പോൾ പകരം വിക്കറ്റ് കീപ്പറുടെ റോളിൽ ദിനേഷ് കാർത്തികാണ് ടീമിലെത്തിയത്. മൂന്നാം പേസറായി ആവേശ് ഖാനും ടീമിലുണ്ട്. പാക്കിസ്താനു വേണ്ടി നസീം ഷാ അരങ്ങേറും.
പത്തു മാസം മുമ്പ്, ഇതേ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങിയ പരാജയത്തിന് കണക്ക് തീർക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. 2021 ലോകകപ്പിലെ സൂപ്പർ 12 റൗണ്ടിലാണ് ഇന്ത്യ വൻ പരാജയം ഏറ്റുവാങ്ങിയത്. അന്ന് ഇന്ത്യ കുറിച്ച 151 റൺസ് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് പാകിസ്താൻ മറികടന്നത്. ഐ.സി.സി ലോകകപ്പിൽ ഇന്ത്യക്കെതിരെ അയൽനാട്ടുകാരുടെ ആദ്യ ജയം കൂടിയായിരുന്നു അത്.
ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്തെങ്കിൽ മറുവശത്ത് ക്യാപ്റ്റൻ ബാബർ അസം നയിക്കുന്ന മികച്ച ബാറ്റിങ് നിര പാകിസ്താനുമുണ്ട്. മുൻ ക്യാപ്റ്റർ വിരാട് കോഹ്‌ലിയുടെ നൂറാം രാജ്യാന്തര ട്വന്റി 20 മത്സരം കൂടിയാണ് ഇന്ന്. ഏഷ്യാ കപ്പിൽ 14 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. അഞ്ച് തവണ പാക്കിസ്താൻ ജയിച്ചപ്പോൾ ഒരു മത്സരം ഉപേക്ഷിച്ചു.
െപ്ലയിങ് ഇലവൻ ഇന്ത്യ: രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ഭുവനേശ്വർ കുമാർ, ആവേഷ് ഖാൻ, യുസ് വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്. പാകിസ്താൻ: ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, ഫഖർ സമാൻ, ഇഫ്തിഖാർ അഹമ്മദ്, ഖുശ്ദിൽ ഷാ, ആസിഫ് അലി, ഷദബ് ഖാൻ, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, ഷാനവാസ് ദഹാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.