മുംബൈ: ആഗസ്റ്റ് 31ന് തുടക്കമാകുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യൻ ടീം പാകിസ്താനിൽ മത്സരങ്ങൾക്കായി പോകില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ. എഷ്യ കപ്പ് മത്സരക്രമങ്ങളിൽ അന്തിമധാരണയായെന്നും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ശ്രീലങ്കയിൽ നടക്കുമെന്നും ഐ.പി.എൽ ചെയർമാൻ അരുൺ ദുമാൽ സ്ഥിരീകരിച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും പാക് ക്രിക്കറ്റ് ബോർഡ് പ്രതിനിധി സാക അഷ്റഫും ഐ.സി.സി ബോർഡ് യോഗത്തിനിടെ കൂടിക്കാഴ്ച നടത്തി അന്തിമധാരണയിലെത്തിയെന്ന് ദുമാൽ അറിയിച്ചു.
പാകിസ്താനും ശ്രീലങ്കയും വേദിയാകുന്ന ക്രിക്കറ്റ് ടൂർണമെന്‍റ് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് നടക്കുക. നാല് മത്സരങ്ങൾ പാകിസ്താനിലും പിന്നീടുള്ള ഒമ്പത് മത്സരങ്ങൾ ശ്രീലങ്കയിലും നടക്കും. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. മത്സരക്രമം വെള്ളിയാഴ്ച പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യ പാകിസ്താനിൽ കളിക്കാൻ പോകുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അരുൺ ദുമാൽ തള്ളി. പാക് കായികമന്ത്രി ഇഹ്സാൻ മസാരിയെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ടുകൾ. പാക് സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ സമ്മതിച്ചെന്നായിരുന്നു വാർത്തകൾ. എന്നാല്‍, ഇത്തരമൊരു തീരുമാനം ഇല്ലെന്നും ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ഐ.പി.എല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.