വിട്ടുമാറാത്ത വൃക്കരോഗവുമായാണ് താൻ ജനിച്ചതെന്ന് ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ പ്രധാനിയും ഓൾ റൗണ്ടറുമായ കാമറൂൺ ഗ്രീൻ. രോഗത്തിന് പ്രത്യേക ലക്ഷണങ്ങൾ ഇല്ലെങ്കിലും ഒരിക്കലും ഭേദപ്പെടുത്താനാകില്ലെന്നും താരം വെളിപ്പെടുത്തി.
വലതു കണ്ണിലെ നേത്രപടലം വർഷങ്ങളായി തകരാറിലാണെന്നും കരിയറിലെ അവസാന രണ്ടുവർഷം ഈ കണ്ണുമായാണ് കളിച്ചതെന്നും മുൻദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ എബി ഡിവില്ലിയേഴ്സ് അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. ‘ജനിച്ചപ്പോൾതന്നെ എനിക്ക് വിട്ടുമാറാത്ത വൃക്കരോഗമാണെന്ന് രക്ഷിതാക്കളോട് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇതിന് പ്രത്യേക ലക്ഷണങ്ങളൊന്നുമില്ല. ആൾട്രാ സൗണ്ട് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്’ -ഗ്രീൻ പറഞ്ഞു.
ഓരോ വർഷങ്ങൾ കഴിയുമ്പോയും വൃക്കയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയാണ്. നിലവിൽ വൃക്കയുടെ പ്രവർത്തനം 60 ശതമാനം മാത്രമാണ്. രണ്ടാം ഘട്ടമാണ്. അഞ്ചാം ഘട്ടത്തിലെത്തിയാൽ വൃക്ക മാറ്റിവെക്കുകയോ, ഡയാലിസിസോ വേണ്ടിവരുമെന്നും 24കാരനായ ഗ്രീൻ വ്യക്തമാക്കി. ജനിക്കുമ്പോൾ ഡോക്ടർമാർ താരത്തിന് 12 വർഷത്തെ ആയുസ്സാണ് വിധിച്ചത്.
‘ഭാഗ്യവശാൽ രണ്ടാം ഘട്ടത്തിലാണ്. ശരിയായി പരിപാലിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കും. ഒരിക്കലും ഭേദപ്പെടുത്താനാകാത്ത രോഗമാണ്. വൃക്കയെ പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകില്ല. രോഗവ്യാപനം വൈകിപ്പിക്കാൻ മാത്രമേ കഴിയൂ’ -ഗ്രീൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഗ്രീനിന്‍റെ മാതാവ് ടാർസി 19 ആഴ്ച ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് ഡോക്ടർമാർ രോഗം കണ്ടെത്തുന്നത്.
2020ൽ ആസ്ട്രേലിയക്കായി അരങ്ങേറ്റം കുറിച്ച താരം, 24 ടെസ്റ്റുകളും 23 ഏകദിനങ്ങളും എട്ടു ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. തന്‍റെ ക്രിക്കറ്റ് കരിയറിനെയും രോഗം പ്രതികൂലമായി ബാധിച്ചതായി താരം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.