സിഡ്നി: പരിക്കു പൂർണമായും ഭേദമാകുംമുമ്പ് കളിക്കാനിറങ്ങിയെന്ന് ഡേവിഡ് വാർണർക്കെതിരെ സീനിയർമാരടക്കം ആരോപണം. മൂന്നോവറിനിടയിൽ രണ്ടു ക്യാച്ചുകൾ കൈവിട്ട ഋഷഭ് പന്തിന് സോഷ്യൽ മീഡിയയിൽ പൊങ്കാല. അരങ്ങേറ്റക്കാരൻ വിൽ പുകോവ്സ്കിക്കും ലെബുഷാനെക്കും അർധ സെഞ്ച്വറി. മഴ റാഞ്ചിയ നാലു മണിക്കൂർ... മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ബൗളിങ്ങിനെ വരുതിയിലാക്കിയ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന സുരക്ഷിതമായ നിലയിൽ. പന്തേറിൽ ഇന്ത്യക്ക് കാര്യമായ മുൻതൂക്കമില്ലാത്ത ദിവസം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ മൂന്നാം ടെസ്റ്റിെൻറ സംഭവ ബഹുലമായ ആദ്യ ദിവസത്തെ ഇങ്ങനെ ചുരുക്കിയെഴുതാം.
ബാറ്റിങ്ങിെൻറ നെടുന്തൂണായ ഡേവിഡ് വാർണറെ ട്വൻറി 20 പരമ്പരയിലും ആദ്യ രണ്ട് ടെസ്റ്റുകളിലും ഓസീസിന് പരിക്കുമൂലം നഷ്ടമായിരുന്നു. പരിക്ക് ഭേദമായി വാർണർ തിരികെയെത്തിയപ്പോൾ രണ്ടാം ടെസ്റ്റിൽ തോറ്റ കംഗാരുക്കൾക്ക് വലിയ ആശ്വാസമായിരുന്നു. പക്ഷേ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് നാലാമത്തെ ഓവറിൽ തന്നെ വാർണറെ നഷ്ടമായപ്പോൾ ചുളിഞ്ഞത് നിരവധി നെറ്റികൾ. മുഹമ്മദ് സിറാജിെൻറ പുറത്തേക്ക് സ്വിങ് ചെയ്ത പന്തിൽ സ്ലിപ്പിൽ ചേതേശ്വർ പുജാരയുടെ കൈയിലൊതുങ്ങുമ്പോൾ എട്ട് പന്തിൽ അഞ്ച് റൺസായിരുന്നു വാർണറുടെ സംഭാവന.
വിക്കറ്റിനു പിന്നിൽ ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല ഋഷഭ് പന്തിന്. അർധ സെഞ്ച്വറി നേടിയ അരങ്ങേറ്റക്കാരൻ വിൽ പുകോവ്സ്കിയെ രണ്ടുതവണ കൈവിട്ട് ഋഷഭ് ഓസീസ് ഇന്നിങ്സിനെ അകമഴിഞ്ഞു സഹായിച്ചു. അതും മൂന്നോവറിനിടയിൽ.സ്വന്തം സ്കോർ 26 ൽ നിൽക്കെ ആർ. അശ്വിനെ പ്രതിരോധിക്കാൻ ശ്രമിച്ച പുകോവ്സ്കിയുടെ ബാറ്റിലുരഞ്ഞ പന്ത് ഋഷഭിെൻറ ഗ്ലൗസിലേക്ക് ചെന്നതാണ്. വിക്കറ്റ് വീണതിൽ ആഹ്ലാദിക്കാൻ തുടങ്ങിയ അശ്വിൻ കണ്ടത് നിലത്തുവീണ ക്യാച്ച്.
ആ നിരാശ മായുന്നതിനുമുമ്പ് സിറാജിെൻറ പന്ത് പുൾ ചെയ്യാൻ ശ്രമിച്ച പുകോവ്സ്കിക്ക് പിന്നെയും പിഴച്ചു. കീപ്പർക്ക് പിന്നിലായി ഉയർന്നുപൊന്തിയ പന്ത് തിരിഞ്ഞോടി കൈയിലൊതുക്കാൻ ശ്രമിച്ചെങ്കിലും ഋഷഭിെൻറ ഗ്ലൗസിൽ നിന്ന് പുറത്തേക്ക് തെറിച്ചു.
രണ്ടാം ടെസ്റ്റിെൻറ രണ്ടിന്നിങ്സിലും പരാജയപ്പെട്ട ഓപണർ ജോ ബേൺസിനെ മാറ്റിയായിരുന്നു ആസ്ട്രേലിയ 22കാരനായ വിൽ പുകോവ്സ്കിക്ക് അരങ്ങേറ്റത്തിന് അവസരം നൽകിയത്. ഋഷഭ് പന്ത് കൈവിട്ട ഇരട്ട അവസരങ്ങൾ മുതലാക്കിയ പുകോവ്സ്കി 97 പന്തിൽ നിന്ന് കന്നി അർധ സെഞ്ച്വറി തികച്ചു. തുടക്കത്തിൽ പാളിയ ഇന്നിങ്സിനെ നേരെനിർത്തിയ പുകോവ്സ്കി മാർനസ് ലെബുഷാനെയുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 100 റൺസിെൻറ കൂട്ടുകെട്ടുമുയർത്തി.
ഉമേഷ് യാദവിനു പകരം ഹരിയാനക്കാരൻ നവ്ദ്വീപ് സെയ്നിക്ക് അരങ്ങേറ്റത്തിന് ഇന്ത്യ അവസരം നൽകി. തെൻറ മൂന്നാമത്തെ ഓവറിൽ പുകോവ്സ്കിയെ വിക്കറ്റിനുമുന്നിൽ കുടുക്കി സെയ്നി ഇന്ത്യ കാത്തിരുന്ന ബ്രേക് കൊണ്ടുവന്നു. സെയ്നിയുടെ ഫുൾ ലെങ്ത് ബാളിനു മുന്നിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്ന പുകോവ്സ്കി റിവ്യുവിനു പോലും നിൽക്കാതെ സെയ്നിക്ക് വിക്കറ്റ് സമ്മതിച്ചു മടങ്ങി.
സിഡ്നിയിൽ മഴ വില്ലനായേക്കുമെന്ന ആശങ്ക എട്ടാമത്തെ ഓവറിലെ ആദ്യ പന്തിൽ യാഥാർഥ്യമായി. പ്രാദേശിക സമയം അപ്പോൾ 11.05. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ മഴ മാറിയ ആശ്വാസത്തിൽ അമ്പയർമാർ മൈതാനത്തിറങ്ങിയതാണ്. ദാ, പിന്നെയും മഴ. മഴ മാറുന്നതു കാത്തിരുന്നു പോയത് നീണ്ട നാലു മണിക്കൂർ. മൂന്നു മണിക്കാണ് സിറാജ് എട്ടാമത്തെ ഓവറിലെ ബാക്കി പന്തുകൾ എറിഞ്ഞുതീർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.