പുണെ: അടുത്ത വ്യാഴാഴ്ച കൊൽക്കത്ത ഈഡൻഗാർഡൻസിൽ ദക്ഷിണാഫ്രിക്കയെ സെമിഫൈനലിൽ നേരിടാനൊരുങ്ങുന്ന ആസ്ട്രേലിയക്ക് ഇന്ന് ബംഗ്ലാദേശിനെതിരെയുള്ളത് സന്നാഹ മത്സരം. എട്ട് കളികളിൽ ആറ് ജയമടക്കം 12 പോയന്റാണ് ഓസീസിനുള്ളത്. എട്ട് കളികളിൽ നാലു പോയന്റുള്ള ബംഗ്ലാദേശ് നാട്ടിലേക്ക് ടിക്കറ്റെടുത്തു കഴിഞ്ഞു.
തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമുള്ള ആറ് കളികളിലും ജയിച്ചാണ് ആസ്ട്രേലിയ വരുന്നത്. അഫ്ഗാനിസ്താനെതിരെ മൂന്ന് വിക്കറ്റിന്റെ വീരോചിതമായ ജയത്തിന്റെ ആവേശത്തിലാണ് കങ്കാരുക്കൾ. ആദ്യ എട്ട് സ്ഥാനത്തിനുള്ളിലെത്തി അടുത്ത ചാമ്പ്യൻസ് ട്രോഫിയിൽ യോഗ്യത നേടാനുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങൾ ദുഷ്കരമാകും.
പ്രമുഖ താരങ്ങൾക്ക് ഓസീസ് വിശ്രമം നൽകുമോയെന്ന് ഉറപ്പില്ല. അഫ്ഗാനിസ്താനെതിരെ തകർന്നെങ്കിലും ട്രാവിസ് ഹെഡും ഡേവിഡ് വാർണറും മിച്ചൽ മാർഷുമടങ്ങുന്ന മുൻനിര ഏറ്റവും അപകടകാരികളാണ്. സ്റ്റീവ് സ്മിത്തും മാർകസ് സ്റ്റായിനിസും കഴിഞ്ഞ കളിയിലെ ഹീറോ ഗ്ലെൻ മാക്സ്വെലുമടങ്ങുന്ന ബാറ്റിങ് സംഘം ബംഗ്ലദേശിന് ചില്ലറ തലവേദനയാകില്ല വരുത്തുന്നത്. ഷാക്കിബുൽഹസന് പരിക്കായതിനാൽ നജ്മുൽ ഹുസൈൻ ഷാന്റോയാണ് ബംഗ്ലദേശിനെ നയിക്കുന്നത്. രാവിലെ 10.30നാണ് മത്സരം തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.