ട്വന്‍റി20 ലോകകപ്പിൽ ഒമാനെതിരെ ആസ്ട്രേലിയയുടെ മാർക്കസ് സ്റ്റോയിനിസിന്‍റെ ബാറ്റിങ്

ഓൾറൗണ്ട് പ്രകടനവുമായി സ്റ്റോയിനിസ്; ഒമാനെതിരെ ആസ്ട്രേലിയക്ക് 39 റൺസ് ജയം

ബ്രിജ്ടൗൺ: ട്വന്റി20 ലോകകപ്പിൽ മാർക്കസ് സ്റ്റോയിനിസിന്റെ ഓൾറൗണ്ട് പ്രകടന മികവിൽ ഒമാനെതിരെ ആസ്ട്രേലിയക്ക് 39 റൺസ് ജയം. മത്സരത്തിൽ അപരാജിത അർധ സെഞ്ചറിയുമായി കളം നിറഞ്ഞ സ്റ്റോയിനിസ്, ഒമാൻ നിരയിലെ മൂന്ന് ബാറ്റർമാരുടെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഓപ്പണർ ഡേവിഡ് വാർണറും ഓസീസിനായി അർധ സെഞ്ച്വറി കണ്ടെത്തി. സ്റ്റോയിനിസാണ് കളിയിലെ താരം. സ്കോർ: ആസ്ട്രേലിയ - 20 ഓവറിൽ അഞ്ചിന് 164, ഒമാൻ - 20 ഓവറിൽ ഒമ്പതിന് 125.

മത്സരത്തിൽ ടോസ് നേടിയ ഒമാൻ ഓസീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്കോർ 19ൽ നിൽക്കെ ഓപ്പണർ ട്രാവിസ് ഹെഡിനെ (12) പുറത്താക്കി ഒമാൻ ബോളർമാർ ഞെട്ടിച്ചു. കാപ്റ്റൻ മിച്ചൽ മാർഷ് (14), ഗ്ലെൻ മാക്സ്വെൽ (0) എന്നിവർ കൂടി പുറത്തായതോടെ ഓസീസ് 8.3 ഓവറിൽ മൂന്നിന് 50 എന്ന നിലയിലായി. നാലാം വിക്കറ്റിൽ ഡേവിഡ് വാർണറും സ്റ്റോയിനിസും ചേർന്ന് സെഞ്ചറി കൂട്ടുകെട്ട് ഉയർത്തി.

അർധ സെഞ്ച്വറി നേടിയ വാർണറെ 19-ാം ഓവറിൽ പുറത്താക്കി കലീമുല്ലയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 51 പന്തിൽ 56 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇന്നിങ്സിന്റെ അവസാന പന്തിൽ ടിം ഡേവിഡ് (9) റണ്ണൗട്ടായി. 36 പന്തിൽ 67 റൺസ് നേടിയ സ്റ്റോയിനിസ് പുറത്താകാതെ നിന്നു. ആറ് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ഒമാനു വേണ്ടി മെഹ്റാൻ ഖാൻ രണ്ടും ബിലാൽ ഖാൻ, കലീമുല്ല എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഒരുഘട്ടത്തിലും മികച്ച കൂട്ടുകെട്ട് ഉയർത്താൻ ഒമാനായില്ല. 36 റൺസ് നേടിയ അയാൻ ഖാനാണ് അവരുടെ ടോപ് സ്കോറർ. അഞ്ച് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. സ്റ്റോയിനിസ് മൂന്ന് വിക്കറ്റ് പിഴുതപ്പോൾ മിച്ചൽ സ്റ്റാർക്ക്, നേഥൻ എല്ലിസ്, ആദം സാംപ എന്നിവർ രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തി.

Tags:    
News Summary - Australia won by 39 runs vs Oman in T20 World Cup Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.