ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ കുറിക്കുകൊള്ളുന്ന മറുപടികളും ട്രോളുകളുമായി വിമർശകരുടെ വായടപ്പിക്കുന്ന ഇന്ത്യയുടെ മുൻ ഓപണർ വസീം ജാഫറിന് ആരാധകർ ഏറെയാണ്. ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്ലിയെ ബാറ്റിങ് കണക്കുകളുടെ കാര്യത്തിൽ പേസ് ബൗളറുമായി താരതമ്യം ചെയ്ത ഓസീസ് ചാനലിനെ 'പൊളിച്ചടുക്കി'യാണ് ജാഫർ വീണ്ടും ഇന്ത്യൻ ആരാധകർക്കിടയിൽ താരമായത്.
കഴിഞ്ഞ രണ്ടുവർഷമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ടെസ്റ്റിൽ ഒരുസെഞ്ച്വറി പോലും സ്കോർ ചെയ്യാൻ സാധിച്ചിരുന്നില്ല. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെയായിരുന്നു കോഹ്ലിയുടെ അവസാന സെഞ്ച്വറി. കഴിഞ്ഞ രണ്ടുവർഷത്തിനിടെ വെറും 26 റൺസ് മാത്രമാണ് കോഹ്ലിയുടെ ടെസ്റ്റിലെ ശരാശരി.
കോഹ്ലിയുടെ കരിയർ ടെസ്റ്റ് ശരാശരിയായ 50+ ലും വളരെ കുറഞ്ഞ കണക്കാണിത്. ഇതോടെ ആസ്ട്രേലിയയിലെ ചാനൽ 7 കോഹ്ലിയെ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കുമായി താരതമ്യം ചെയ്തു. 2019 മുതലുള്ള കണക്കുകളാണ് പരിഗണിച്ചത്.
ആസ്ട്രേലിയൻ ബാറ്റർ സ്റ്റീവൻ സ്മിത്തിന്റെ ഏകദിന ബാറ്റിങ് ശരാശരി ഇന്ത്യൻ പേസർ നവ്ദീപ് സെയ്നിയുമായി താരതമ്യം ചെയ്താണ് ജാഫർ ട്വീറ്റ് ചെയ്തത്.
അടുത്തിടെ ഇന്ത്യൻ ടീമിന്റെ പരിമിത ഓവർ ക്രിക്കറ്റ് ടീം നായക സ്ഥാനത്ത് നിന്ന് കോഹ്ലിയെ മാറ്റിയിരുന്നു. ട്വന്‍റി20യിൽ കോഹ്ലി സ്വയം സ്ഥാനം ഒഴിഞ്ഞപ്പോൾ ഏകദിനത്തിൽ രോഹിത് ശർമയെ നായകനാക്കി ബി.സി.സി.ഐ നിയമിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ കോഹ്ലിക്ക് കീഴിൽ ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ കോഹ്ലിയുടെ അഭാവത്തിൽ കെ.എൽ. രാഹുലിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ഏഴുവിക്കറ്റിന് തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.