ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ആസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു. സെപ്റ്റംബർ 11ന് ന്യൂസിലൻഡിനെതിരായ ടൂർണമെന്‍റിലെ അവസാന മത്സരത്തോടെ ഏകദിനത്തിൽനിന്ന് വിരമിക്കുമെന്ന് താരം അറിയിച്ചു.
ഫോമില്ലായ്മയാണ് 35കാരനായ താരത്തിന്‍റെ വിരമിക്കലിനു പിന്നിലെന്നാണ് സൂചന. ഇതോടെ അടുത്ത വർഷം നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഓസിസിനെ നയിക്കാൻ ഫിഞ്ചുണ്ടാകില്ല. എന്നാൽ, ഒക്ടോബർ-നവംബർ മാസങ്ങളിലായി രാജ്യം ആതിഥ്യം വഹിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ഫിഞ്ച് ടീമിന്‍റെ നായകനായുണ്ടാകും. ആസ്ട്രേലിയക്കായി താരം 145 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്.
ഫോം കണ്ടെത്താൻ പാടുപെടുന്ന താരം, കഴിഞ്ഞ ഏഴു ഇന്നിങ്സുകളിൽനിന്നായി 26 റൺസ് മാത്രമാണ് നേടിയത്. 'ചില അവിശ്വസനീയമായ ഓർമകളുള്ള ഒരു അതിശയകരമായ യാത്രയാണിത്. മികച്ച താരങ്ങളുള്ള ടീമിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അതീവ ഭാഗ്യവാനാണ്. സഹതാരങ്ങളുടെയും ടീമിന് പുറത്തുള്ളവരുടെയും പിന്തുണയും അനുഗ്രവും എനിക്കുണ്ടായിരുന്നു' -ഫിഞ്ച് പത്രക്കുറിപ്പിൽ അറിയിച്ചു.
പുതിയൊരു നായകന് ഉത്തരവാദിത്വം ഏൽപ്പിക്കേണ്ട സമയമാണിതെന്നും ഈ യാത്രയിൽ എനിക്ക് പിന്തുണ നൽകുകയും സഹായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.