ആസ്ട്രേലിയയിലെ സ്കൂളിൽ ഇനി ക്രിക്കറ്റും പഠിപ്പിക്കും; പ്രാഥമിക വിഷയമായി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി

ആസ്ട്രേലിയയിലെ സ്കൂളിൽ പാഠപുസ്തകത്തിൽ വിദ്യാർഥികൾക്ക് പഠിക്കാൻ ഇനി ക്രിക്കറ്റും. പാഠ്യപദ്ധതിയിൽ പ്രാഥമിക വിഷയമായാണ് ക്രിക്കറ്റ് ഉൾപ്പെടുത്തിയത്.

രാജ്യത്ത് ഏറെ പ്രസിദ്ധമായ കായിക വിനോദങ്ങളിലൊന്നാണ് ക്രിക്കറ്റ്. വലിയ ക്രിക്കറ്റ് പാരമ്പര്യമുള്ള രാജ്യങ്ങളിലൊന്ന്. അതുകൊണ്ടു തന്നെ ഈ കായിക വിനോദം പ്രാഥമിക വിഷയമായി സ്കൂളുകളിൽ കുട്ടികൾ പഠിക്കട്ടെയെന്ന നിർബന്ധത്തിലാണ് സ്കൂൾ അധികൃതർ. വിക്ടോറിയയിലെ ലാറ സെക്കൻഡറി കോളജാണ് പാഠ്യേതര പ്രവർത്തനം എന്നതിലുപരി ക്രിക്കറ്റിനെ ഔദ്യോഗിക വിഷയമായി തന്നെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ക്രിക്കറ്റ് വിക്ടോറിയയും കോളജ് അക്കാദമിക് വിഭാഗവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

വിക്ടോറിയയിലെ എല്ലാ സ്കൂളുകളിലും വിദ്യാർഥികളെ ക്രിക്കറ്റ് പഠിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികളാണ് ക്രിക്കറ്റ് ഔദ്യോഗിക വിഷയമായി പഠിക്കുക. ഏഴാം ക്ലാസിലെ വിദ്യാർഥികൾക്ക് പ്രത്യേക ക്രിക്കറ്റ് പരിശീലനവും നൽകും. 11, 12 ക്ലാസുകളിൽ സർട്ടിഫിക്കേഷൻ കോഴ്സായും ക്രിക്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.

അമ്പയറിങ്, കോച്ചിങ്, സ്പോർട്സ് സൈക്കോളജി തുടങ്ങിയവയാണ് യൂനിറ്റുകളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ലോക ക്രിക്കറ്റിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ രാജ്യമാണ് ആസ്ട്രേലിയ. ആറു ഏകദിന ലോകകപ്പ് കിരീടങ്ങളും ഒരു ട്വന്‍റി20 ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടവും ആസ്ട്രേലിയ നേടിയിട്ടുണ്ട്. ഒട്ടനവധി ലോകോത്തര ക്രിക്കറ്റ് താരങ്ങളെയും ഈ ദ്വീപ് രാജ്യം സംഭാവന ചെയ്തിട്ടുണ്ട്.

Tags:    
News Summary - Australian School Adds Cricket As Primary Subject In Their Curriculum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.