സൂപ്പർ എട്ടിലേക്ക് ഇംഗ്ലണ്ടിന് ആസ്ട്രേലിയയുടെ ‘സഹായം’; നിർഭാഗ്യത്തിൽ മടങ്ങി സ്കോട്ട്‍ലൻഡ്

ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിൽ ഇടം ലഭിക്കാൻ ബദ്ധവൈരികളായ ഇംഗ്ലണ്ടിന് ആസ്ട്രേലിയയുടെ ‘സഹായം’. നിർണായകമായ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് നമീബിയയെ 41 റൺസിന് കീഴടക്കിയതിന് പുറമെ മൂന്ന് മത്സരത്തിൽ അഞ്ച് പോയന്റുമായി ഗ്രൂപ്പ് ‘ബി’യിൽ രണ്ടാമതുണ്ടായിരുന്ന സ്കോട്ട്‍ലൻഡിനെ ഓസീസ് തോൽപിക്കുകയും ചെയ്തതാണ് ഇംഗ്ലണ്ടിന് അനുഗ്രഹമായത്.

ആദ്യം ബാറ്റ് ചെയ്ത് 180 റൺസടിച്ച സ്കോട്ട്‍ലൻഡിന്റെ വെല്ലുവിളി രണ്ട് പന്ത് മാത്രം ശേഷിക്കെയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആസ്ട്രേലിയ മറികടന്നത്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് സൂപ്പർ എട്ടിൽ​ നേരത്തെ നിലയുറപ്പിച്ച ആസ്ട്രേലിയ സ്കോട്ട്‍ലൻഡിനോട് തോറ്റിരുന്നെങ്കിൽ ഇംഗ്ലണ്ടിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നേനെ. ആസ്ട്രേലിയ എട്ട് പോയന്റുമായി ഒന്നാമതെത്തിയപ്പോൾ ഇംഗ്ലണ്ടിനും സ്കോട്ട്ലൻഡിനും അഞ്ച് പോയന്റ് വീതമായി. മികച്ച റൺറേറ്റിന്റെ ബലത്തിലാണ് സ്കോട്ട്‍ലൻഡിനെ മറികടന്ന് ഇംഗ്ലണ്ട് സൂപ്പർ എട്ടിലേക്ക് കടന്നുകൂടിയത്. ഒമാനെതിരെ 19 പന്തിൽ കളിതീർത്ത് മികച്ച റൺറേറ്റ് സ്വന്തമാക്കിയതും മഴ കാരണം 10 ഓവറായി ചുരുക്കിയ മത്സരത്തിൽ നമീബിയക്കെതിരെ മികച്ച വിജയം നേടിയതും ഇംഗ്ലീഷുകാർക്ക് തുണയായി. + 3.611 ആണ് ഇംഗ്ലണ്ടിന്റെ റൺറേറ്റെങ്കിൽ സ്കോട്ട്‍ലൻഡിന്റേത് +1.255 ആണ്.

നമീബിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് പത്തോവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 122 റൺസടിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 20 പന്തിൽ 47 റൺസുമായി പുറത്താകാതെനിന്ന ഹാരി ബ്രൂക്കും 18 പന്തിൽ 31 റൺസടിച്ച ജോണി ബെയർസ്റ്റോയും ആറ് പന്തിൽ 16 റൺസ്​ നേടിയ മൊയീൻ അലിയുമാണ് ഇംഗ്ലീഷ് ബാറ്റർമാരിൽ തിളങ്ങിയത്.

ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ ബ്രണ്ടൻ മക്മുള്ളനിന്റെ വെടിക്കെട്ട് അർധസെഞ്ച്വറിയും (34 പന്തിൽ 60) ക്യാപ്റ്റൻ റിച്ചി ബെറിങ്ടണിന്റെ മികച്ച ബാറ്റിങ്ങും (31 പന്തിൽ പുറത്താകാതെ 42) ആണ് സ്കോട്ട്ലൻഡ് സ്കോർ 180ലെത്തിച്ചത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ ഓപണർ ട്രാവിസ് ഹെഡിന്റെയും (49 പന്തിൽ 68), മാർകസ് സ്റ്റോയിനിസിന്റെയും (29 പന്തിൽ 59) അർധസെഞ്ച്വറികളുടെ മികവിൽ ജയം പിടിക്കുകയായിരുന്നു.

Tags:    
News Summary - Australia's 'help' for England to Super Eight; Scotland returns to misfortune

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.