ഞാന്‍ രണ്ടാമതായാലും കുഴപ്പമില്ല, ഒന്നാം സ്ഥാനം സൂര്യ അര്‍ഹിക്കുന്നുണ്ട്; ലോകകപ്പ് നേടിയ ക്യാച്ചിനെ കുറിച്ച് അക്സര്‍

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ടി-20 ലോകകപ്പ് ഇന്ത്യ നേടിയിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. ടി-20യുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്താവുന്ന തരത്തിലുള്ള മത്സരമായിരുന്നു ലോകകപ്പ് ഫൈനലിലേത്. 20ാം ഓവറിലെ ആദ്യ പന്തില്‍ സൂര്യകുമാര്‍ നേടിയ ക്യാച്ച് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ഫിനിഷര്‍ ഡേവിഡ് മില്ലറിനെ പുറത്താക്കാനായി ബൗണ്ടറി ലൈനില്‍ നിന്നും സൂര്യ അസാമാന്യ ക്യാച് ചെയ്യുകയായിരുന്നു. അവസാന ഓവറില്‍ 16 റണ്‍സ് മതിയെന്നിരിക്കെയായിരുന്നു സൂര്യയുടെ സൂപ്പര്‍ ക്യാച്ച്.

ലോകകപ്പിലെ ടീമിന്റെ പ്രധാന താരമായിരുന്ന അക്സര്‍ പട്ടേല്‍ ആ ക്യാച്ചും അതിന് ശേഷമുണ്ടായ സാഹചര്യങ്ങളുമെല്ലാം ഓര്‍ത്തെടുക്കുകയാണ്. ക്യാച്ചിന് ശേഷം സൂര്യകുമാര്‍ യാദവുമായി നടത്തിയ സംഭാഷണത്തെ കുറിച്ചും അക്സര്‍ പറയുന്നുണ്ട്.

'മില്ലര്‍ പന്തടിച്ച് കളഞ്ഞപ്പോള്‍ ഞാന്‍ മിഡ്-വിക്കറ്റിലായിരുന്നു, അത് സിക്സര്‍ പോയെന്ന് കരുതി ഇരുന്നപ്പോഴാണ് സൂര്യ തന്റെ ക്യാച്ച് പൂര്‍ത്തിയാക്കുന്നത്. നീ ബൗണ്ടറിയില്‍ തട്ടിയോ എന്ന് എല്ലാവരും അവനോട് ചോദിച്ചു. സൂര്യക്കും അതില്‍ വലിയ ഉറപ്പൊന്നുമില്ലായിരുന്നു. ആദ്യം അത് ക്യാച്ചാണെന്ന് അവന്‍ ഉറപ്പിച്ച് പറഞ്ഞു, എന്നാല്‍ നിമിഷങ്ങള്‍ക്ക് ശേഷം അത് ഉറപ്പില്ല എന്നും അവന്‍ പറഞ്ഞു.

റീപ്ലേ കണ്ടപ്പോള്‍ 99 ശതമാനം ഉറപ്പായി, ലോകകപ്പ് ഞങ്ങള്‍ക്കുള്ളതാണെന്ന്. ഇത്രയും വലിയ പ്രഷര്‍ മത്സരത്തില്‍ സൂര്യ കാണിച്ച ബാലന്‍സ് മികച്ചതായിരുന്നു,' അക്സര്‍ പറഞ്ഞു.

ഓസീസിനെതിരെയുള്ള സൂപ്പര്‍ എട്ടിലെ മത്സരത്തില്‍ അക്സര്‍ പട്ടേലും ഒരു സൂപ്പര്‍ ക്യാച്ച് നേടിയിരുന്നു. ഓസീസ് നായകന്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കാനായിരുന്നു അകസര്‍ സൂപ്പര്‍ ക്യാച്ചെടുത്തത്. എന്നാല്‍, അതിനും മുകളിലാണ് താന്‍ സൂര്യയുടെ ക്യാച്ച് റേറ്റ് ചെയ്യുക എന്ന് അക്സര്‍ പറയുന്നു.

'സൂര്യയുടെ ക്യാച്ചാണ് ഞങ്ങള്‍ക്ക് ലോകകപ്പ് നേടിത്തന്നത്. അതിനാല്‍ തന്നെ എനിക്ക് രണ്ടാമതാവുന്നതില്‍ സന്തോഷമേയുള്ളു. ആ ക്യാച്ച് രണ്ട് കൈ കൊണ്ട് നേടിയെടുക്കാന്‍ എനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ എന്റെ ചാട്ടം ടൈം ചെയ്യാനായി ഒരു കൈ മാത്രം ഉപയോഗിക്കേണ്ടി വന്നു. പക്ഷെ ഏതാണ് മികച്ച ക്യാച്ച് എന്ന് ചോദിച്ചാല്‍ എന്റെതിനേക്കാള്‍ മികച്ചത് സൂര്യ ഭായ്യുടെതാണെന്ന് ഞാന്‍ എപ്പോഴും പറയും,' -അക്സര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Axar Patel shares experience about surya kumar yadavs super catch in t20 wc final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.