മുഹമ്മദ് റിസ്‍വാനെതിരെ എൽ.ബി.ഡബ്ല്യൂ തീരുമാനം വന്നപ്പോൾ രവീന്ദ്ര ജദേജയുടെ ആഹ്ലാദം. റിവ്യൂവിൽ ഔട്ടല്ലെന്നായിരുന്നു വിധി

ബാബറും റിസ്‍വാനും ക്രീസിൽ; 25 ഓവറിൽ പാകിസ്താൻ രണ്ടിന് 125

അഹ്മദാബാദ്: ലോകം ഉറ്റുനോക്കുന്ന പോരാട്ടത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് മോശമല്ലാത്ത തുടക്കം. ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്താൻ മത്സരം അഹ്മദാബാദിൽ പുരോഗമിക്കവേ, 25 ഓവർ പിന്നിടുമ്പോൾ പാകിസ്താൻ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലാണ്. പാതി വഴി പിന്നിട്ട ഇന്നിങ്സിൽ 47 പന്തിൽ 35 റൺസുമായി ക്യാപ്റ്റൻ ബാബർ അസമും 41 പന്തിൽ 33 റൺസുമായി മുഹമ്മദ് റിസ്വാനുമാണ് ക്രീസിൽ.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ഭേദപ്പെട്ട തുടക്കമായിരുന്നു. ജസ്പ്രീത് ബുംറ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ അഞ്ചു പന്തും പ്രതിരോധിച്ച അബ്ദുല്ല ഷഫീഖ് അവസാന പന്തിനെ അതിർവര കടത്തിയാണ് അക്കൗണ്ട് തുറന്നത്. എന്നാൽ, അപ്പുറത്ത് മുഹമ്മദ് സിറാജിനെ ഇമാമുൽ ഹഖ് സ്വീകരിച്ച് ആദ്യ നാലിൽ മൂന്നു പന്തും ബൗണ്ടറിക്ക് പായിച്ചാണ്. സ്​പെഷലിസ്റ്റ് സ്വിങ് ബൗളറായ സിറാജ് മൂവ്മെന്റൊന്നും കിട്ടാതെ ബുദ്ധിമുട്ടിയപ്പോൾ പാക് താരങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായി. ബൗൺസിൽ വേരിയേഷൻ വരുത്തി എതിരാളികളെ കുഴക്കാനുള്ള സിറാജിന്റെ പദ്ധതികളും വിലപ്പോയില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞ ബുംറയെ ജാഗ്രതാപൂർവം നേരിടുകയും സിറാജിനെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുക​യുമെന്നതായിരുന്നു പാക് ഓപണിങ് ജോടിയുടെ നയം.

ഒടുവിൽ ഓപണിങ് കൂട്ടുകെട്ട് പൊളിക്കാനുള്ള നിയോഗം പക്ഷേ, സിറാജിന്റേതായിരുന്നു. ഷഫീഖിന്റെ കണക്കുകൂട്ടലുകൾ പാളി കൃത്യം വിക്കറ്റിനുമുന്നിൽ കുടുങ്ങിയപ്പോൾ അപ്പീലിന് പോലും പാകിസ്താൻ മുതിർന്നില്ല. 24 പന്തിൽ മൂന്നു ഫോറടക്കം 20 റൺസായിരുന്നു ഷഫീഖിന്റെ സമ്പാദ്യം. 41റൺസായിരുന്നു പാക് സ്കോർബോർഡിൽ അപ്പോൾ.

സ്കോർ 73ലെത്തിയപ്പോൾ ഇമാമുൽ ഹഖും വീണു. ഇക്കുറി ഹാർദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. 38 പന്തിൽ ആറു ഫോറടക്കം 36ലെത്തിയ ഇമാമിനെ വിക്കറ്റിനുപിന്നിൽ കെ.എൽ. രാഹുൽ പിടികൂടുകയായിരുന്നു. തുടർന്ന് ഒത്തുചേർന്ന ബാബറും റിസ്‍വാനും ജാഗ്രതയോടെ ബാറ്റുചെയ്താണ് സ്കോർ 100 കടത്തിയത്. രവീന്ദ്ര ജദേജയുടെ ബൗളിങ്ങിൽ റിസ്‍വാനെതിരായ എൽ.ബി.ഡബ്ല്യൂ വിധി റിവ്യൂവിൽ ഇല്ലാതായി.

Tags:    
News Summary - Babar and Riswan on crease, Pakistan 125 for 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.