സ്വന്തം നാട്ടിൽനടന്ന ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനു മുന്നിൽ അടിയറവെച്ചതിന്റെ നാണക്കേടിലാണ് പാകിസ്താൻ. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ മൂന്നു മത്സരത്തിലും പാകിസ്താൻ തോറ്റു.
22 വർഷത്തിനുശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനിൽ ഒരു ടെസ്റ്റ് പരമ്പര നേടുന്നത്. കൂടാതെ, പാകിസ്താനിൽ മൂന്നു ടെസ്റ്റ് മത്സരങ്ങളും ജയിച്ച് സമ്പൂർണ പരമ്പര വിജയം നേടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. നായകൻ ബാബർ അസം ഉൾപ്പെടെയുള്ള പാക് താരങ്ങളുടെ മോശം പ്രകടനമാണ് തോൽവിക്കു കാരണമെന്ന വിമർശനവുമായി നിരവധി പേരാണ് രംഗത്തുവന്നത്. ഇതിനിടെ മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയാണ് രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചത്.
ബാബർ അസമിനെ ഇന്ത്യൻ സൂപ്പർ താരം കോഹ്ലിയുമായി താരതമ്യപ്പെടുത്തുന്നത് നിർത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. വിരാടുമായി ചേര്ത്തുവെക്കാന് ബാബറിന് ഒരു യോഗ്യതയുമില്ലെന്നും ബാബര് വെറും വട്ടപ്പൂജ്യമാണെന്നുമാണ് കനേരിയ പറയുന്നത്. തന്റെ യൂട്യൂബ് ചാനലില് പങ്കുവെച്ച വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്.
'ബാബര് അസമിനെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നത് ജനം അവസാനിപ്പിക്കണം. വിരാട് കോഹ്ലിയും രോഹിത് ശര്മയുമെല്ലാം തന്നെ വലിയ താരങ്ങളാണ്. അവരുമായി താരതമ്യം ചെയ്യാന് പോന്ന ഒരാള് പോലും പാകിസ്താൻ ടീമിലില്ല. അവർ സംസാരിക്കുമ്പോൾ രാജാവാകും. മികച്ച പ്രകടനം ആവശ്യപ്പെടുമ്പോൾ, അവർ പൂജ്യമായിരിക്കും' -കനേരിയ പരഞ്ഞു.
ക്യാപ്റ്റന് എന്ന നിലയില് ബാബര് പരാജയമാണ്. അവന് ടീമിനെ നയിക്കാന് ഒരു അര്ഹതയുമില്ല, പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്. ക്യാപ്റ്റന്സിയെന്താണ് എന്നത് ഇംഗ്ലണ്ട് നായകന് ബെന് സ്റ്റോക്സിനെ കണ്ട് പഠിക്കണം. ടെസ്റ്റിൽ ബാബർ കളിക്കരുതെന്നും കനേരിയ കൂട്ടിച്ചേർത്തു. മൂന്നാം ടെസ്റ്റില് എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.