സെഞ്ചൂറിയൻ: നോമ്പിന്‍റെ ക്ഷീണമൊക്കെ മറന്ന് 38 ഓവർ ടീമിനുവേണ്ടി കളിക്കളത്തിൽ നിറഞ്ഞുനിന്ന പാകിസ്താൻ ക്രിക്കറ്റ് ടീം ഉപനായകൻ മുഹമ്മദ് റിസ്വാനെ അഭിനന്ദിച്ച് നായകൻ ബാബർ അസം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്‍റി20യിലാണ് ആദ്യം വിക്കറ്റ് കീപ്പറായും പിന്നീട് ബാറ്റ്സ്മാനായും റിസ്‌വാൻ കളത്തിൽ നിറഞ്ഞത്. മത്സരം പാകിസ്താൻ വിജയിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുമ്പോൾ 20 ഓവർ വിക്കറ്റ് കാത്തത് റിസ്‌വാൻ ആണ്. തുടർന്ന് ഓപ്പണറായെത്തി അസമിനൊപ്പം 197 റൺസിന്‍റെ റെക്കോർഡ് കൂട്ടുകെട്ടിലും പങ്കാളിയായി.
'റിസ്‌വാനൊപ്പമുള്ള കൂട്ടുകെട്ട് മികച്ചതായിരുന്നു. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്‍റെ സമർപ്പണം അംഗീകരിക്കപ്പെടേണ്ടതാണ്. നോമ്പെടുക്കുമ്പോൾ കളിക്കുന്നത് തന്നെ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് അദ്ദേഹം ആദ്യ ഇന്നിങ്സിലുടനീളം വിക്കറ്റ് കീപ്പറുടെ ജോലി ചെയ്തശേഷം തൊട്ടുപിന്നാലെ 18 ഓവർ തുടർച്ചയായി ബാറ്റു ചെയ്തത്' – അസം പറഞ്ഞു.
മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയത് 204 റൺസിന്‍റെ വിജയലക്ഷ്യമാണ്. രണ്ട് ഓവർ ബാക്കി നിൽക്കേ അസമിന്‍റെ ശതകത്തിന്‍റെയും റിസ്‌വാന്‍റെ അർധശതകത്തിന്‍റെയും കരുത്തിൽ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ ജയിക്കുകയും ചെയ്തു. അസം 59 പന്തിൽ 122 റൺസെടുത്ത് അവസാന നിമിഷമാണ് പുറത്തായത്. റിസ്‌വാൻ 47 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 73 റൺസുമായി പുറത്താകാതെ നിന്നു. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാകിസ്താൻ 2–1ന് മുന്നിലാണ്. ഇന്നാണ് നാലാം മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.