ലോകത്തെ ഏറ്റവും മികച്ച ട്വന്റി 20 ലീഗ് ഏതെന്ന ചോദ്യത്തിന് ക്രിക്കറ്റ് ആരാധകർ ഒരേ സ്വരത്തിൽ പറയുക ഇന്ത്യൻ പ്രീമിയർ ലീഗ് എന്നായിരിക്കും. കളിക്കാരുടെ പങ്കാളിത്തമായാലും ജനപ്രിയതയായാലും വരുമാനത്തിന്റെ കാര്യത്തിലായാലും മറ്റൊരു ലീഗും ഇതിനടുത്തെത്തില്ല. ആസ്ട്രേലിയൻ ബിഗ് ബാഷ് ലീഗും പാകിസ്താൻ സൂപർ ലീഗും സൗത്ത് ആഫ്രിക്കൻ ട്വന്റി 20 ലീഗുമെല്ലാം ഉണ്ടെങ്കിലും ആരാധകർക്കും കളിക്കാർക്കുമെല്ലാം പ്രിയം ഐ.പി.എല്ലിനോട് തന്നെയാണ്.
എന്നാൽ, ലോകത്തെ മികച്ച ട്വന്റി 20 ലീഗ് ഏതെന്ന ചോദ്യത്തിന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം നൽകിയ മറുപടിയും അതിനോട് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങിന്റെ പ്രതികരണവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. മികച്ച ട്വന്റി 20 ലീഗ് ആസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് ആണെന്ന് അഭിപ്രായപ്പെട്ട ബാബർ, ആസ്ട്രേലിയയിലെ സാഹചര്യം വ്യത്യസ്തമാണെന്നും പറഞ്ഞു. ‘അവിടുത്തെ പിച്ചുകൾ വളരെ വേഗതയേറിയതാണ്. അവിടെനിന്ന് പഠിക്കാനേറെയുണ്ട്. എന്നാൽ, ഐ.പി.എല്ലിൽ ഏഷ്യയിലെ മറ്റിടങ്ങളിൽനിന്ന് ലഭിക്കുന്ന അതേ ഗുണം മാത്രമാണ് ലഭിക്കുക’ എന്നിങ്ങനെയായിരുന്നു ബാബറിന്റെ അഭിപ്രായ പ്രകടനം. ഇക്കാര്യം വെളിപ്പെടുത്തുന്ന ട്വീറ്റിനു നേരെ പൊട്ടിച്ചിരിക്കുന്ന ഇമോജിയിട്ടായിരുന്നു ഹർഭജൻ സിങ്ങിന്റെ പ്രതികരണം.
നിലവിൽ പാകിസ്താൻ സൂപർ ലീഗിന്റെ എട്ടാം സീസണിൽ പെഷാവർ സാൽമിക്ക് വേണ്ടി കളിക്കുകയാണ് ബാബർ. കഴിഞ്ഞ ദിവസം ഇസ്‍ലാമാബാദ് യുനൈറ്റഡിനെ തോൽപിച്ച മത്സരത്തിൽ 39 ബാളിൽ 64 റൺസടിച്ച് അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.