ബാബറിന്‍റെ ക്യാപ്റ്റൻസി മതി! പാകിസ്താൻ ക്രിക്കറ്റ് ടീമിന് പുതിയ നായകൻ വരുന്നു...

മോശം ഫോമിലുള്ള ബാബർ അസമിനെ പാകിസ്താൻ വൈറ്റ് ബാൾ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയേക്കും. ആസ്ട്രേലിയൻ പര്യടനത്തിൽ പാക് ടീം പുതിയ നായകനു കീഴിലാകും കളിക്കുക. മൂന്നു വീതം ട്വന്‍റി20യും ഏകദിന മത്സരങ്ങളുമാണ് ഓസീസിനെതിരെ പാകിസ്താൻ കളിക്കുന്നത്.

ബാബറിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലകൻ ഗാരി കേഴ്സ്റ്റൺ ഇതിനകം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധികൃതരുമായി ചർച്ച നടത്തിയതായാണ് വിവരം. ടെസ്റ്റ് ക്രിക്കറ്റിൽ ഉൾപ്പെടെ മോശം ഫോമിലൂടെയാണ് ബാബർ കടന്നുപോകുന്നത്. സ്വന്തം നാട്ടിൽനടന്ന രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ദുർബലരായ ബംഗ്ലാദേശിനു മുന്നിൽ പാക് ടീം അടിയറവെച്ചിരുന്നു. ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ ബാബറിന് രണ്ടാം ഇന്നിങ്സിൽ 22 റൺസെടുക്കാനെ കഴിഞ്ഞുള്ളു. രണ്ടാം ടെസ്റ്റിൽ രണ്ടു ഇന്നിങ്സുകളിലുമായി 42 റൺസാണ് താരത്തിന് നേടാനായത്.

നാണംകെട്ട തോൽവിക്കു പിന്നാലെ പാകിസ്താൻ ഡ്രസ്സിങ് റൂമിൽ താരങ്ങൾക്കിടയിലെ ഭിന്നത പുറത്തുവന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2023 ഏകദിന ലോകകപ്പിലെ തിരിച്ചടിക്കു പിന്നാലെ ബാബർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. പി.സി.ബി ഭരണനേതൃത്വത്തിൽ മാറ്റംവന്നതോടെയാണ് ബാബർ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. എന്നാൽ, താരം ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും വീണ്ടും നിരാശപ്പെടുത്തി. ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്തായി. ക്രിക്കറ്റിലെ ഇത്തിരി കുഞ്ഞന്മാരായ യു.എസിനോട് തോൽവി വഴങ്ങിയത് കനത്ത പ്രഹരമായി.

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റായ പാകിസ്താൻ ചാമ്പ്യൻസ് വൺ ഡേ കപ്പിനുള്ള അഞ്ചു ടീമുകളെ തെരഞ്ഞെടുത്തപ്പോൾ നായകനായി ബാബറിന്‍റെ പേരില്ലായിരുന്നു. മുഹമ്മദ് റിസ്വാൻ, ഷഹീൻ അഫ്രീദി, ശദബ് ഖാൻ, മുഹമ്മദ് ഹാരിസ്, സൗദ് ഷക്കീൽ എന്നിവരാണ് ടീമുകളെ നയിക്കുന്നത്. ബാബറിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നതിനുള്ള വ്യക്തമായ സൂചനയാണിത്. നവംബറിലാണ് ടീമിന്‍റെ ആസ്ട്രേലിയൻ പര്യടനം. അതിനു മുമ്പായി ബാബറിനെ മാറ്റി മുഹമ്മദ് റിസ്വാനെ പുതിയ വൈറ്റ് ബാൾ ക്രിക്കറ്റ് ക്യാപ്റ്റനായി നിയമിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ഷാൻ മസൂദാണ് ടെസ്റ്റ് ക്യാപ്റ്റൻ.

Tags:    
News Summary - Babar Azam to be sacked, Mohammad Rizwan set to become all-format Pakistan captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.