പാകിസ്താൻ ക്രിക്കറ്റ് താരങ്ങളായ ബാബർ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും ഒരു തമാശ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ലോകകപ്പിലെ മോശം പ്രകടത്തിനു പിന്നാലെ സെമി കാണാതെ പുറത്തായ പാകിസ്താൻ ടീം, നിലവിൽ ആസ്ട്രേലിയൻ പര്യടനത്തിനുള്ള തയാറെടുപ്പിലാണ്.
റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടീമിന്‍റെ പരിശീലനം. ഇതിന്‍റെ ഭാഗമായി താരങ്ങൾ തമ്മിൽ നടന്ന സൗഹൃദ മത്സരമാണ് ബാബറും റിസ്‌വാനും തമ്മിലുള്ള തമാശരംഗത്തിനു വേദിയായത്. ബാബർ ബാറ്റ് ചെയ്യുമ്പോൾ, റിസ്‌വാനായിരുന്നു വിക്കറ്റ് കീപ്പർ. അമ്പയർ വൈഡ് വിളിച്ചതിനു പിന്നാലെ ബാബർ ക്രീസിനു പുറത്തിറങ്ങിയതും, വിക്കറ്റ് കീപ്പറായ റിസ്‌വാൻ റണ്ണൗട്ടാക്കാനായി പന്ത് സ്റ്റെമ്പിനു നേരെ എറിഞ്ഞു. സ്റ്റെമ്പിൽ പതിച്ചതും റിസ്‌വാൻ അമ്പയറോട് റണ്ണൗട്ടിനായി അപ്പീൽ ചെയ്തു.
പിന്നാലെ പിച്ചിലുണ്ടായിരുന്ന ബാബർ ബാറ്റുമായി റിസ്‌വാനു നേരെ പാഞ്ഞടുക്കുന്നതാണ് ദൃശ്യം. ഇത് കണ്ടതും റിസ്‌വാനും സ്റ്റെമ്പിനു പിന്നിലേക്ക് ഓടുന്നുണ്ട്. നിമിഷങ്ങൾക്കകമാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ലോകകപ്പിലെ തോൽവിക്കു പിന്നാലെ ബാബർ ടീമിന്‍റെ നായക സ്ഥാനം ഒഴിഞ്ഞിരുന്നു. ലീഗ് റൗണ്ടിലെ ഒമ്പത് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും പാകിസ്താൻ തോറ്റു.
കിരീട ഫേവറൈറ്റുകളായി എത്തിയ ടീമിന്‍റെ നിറംമങ്ങിയ പ്രകടനം വലിയ വിമർശനത്തിടയാക്കി. മുൻ താരങ്ങൾ ഉൾപ്പെടെ ടീമിനെതിരെ രംഗത്തെത്തി. പിന്നാലെയാണ് ബാബർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ഒമ്പത് മത്സരങ്ങളിൽനിന്ന് താരം നേടിയത് 320 റൺസാണ്. ഷാൻ മസൂദിനെ ടെസ്റ്റ് ക്യാപ്റ്റനായും ഷഹീൻ അഫ്രീദിയെ ട്വന്‍റി20 ക്യാപ്റ്റനായും പാക് ക്രിക്കറ്റ് ബോർഡ് തെരഞ്ഞെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.