കാൻബെറ: സന്നാഹ മത്സരത്തിൽ പാക് മുൻനായകൻ ബാബർ അസം നടത്തിയ 'വികൃതി'യാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഈ മാസം 14ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കായി ആസ്ട്രേലിയയിലെത്തിയ പാക് ടീം ഇന്ന് കാൻബെറയിൽ സന്നാഹ മത്സരത്തിലായിരുന്നു. ആസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായുള്ള മത്സരത്തിൽ ബാറ്റ് ചെയ്യുമ്പോഴാണ് ബാബർ അസം പെട്ടെന്ന് 'ഫീൽഡറാവാനുള്ള' ശ്രമം നടത്തിയത്.
തകർപ്പൻ പ്രകടനവുമായി ക്രീസിൽ നിലയുറപ്പിച്ച നായകൻ ഷാൻ മസൂദിന്റെ ഷോട്ട് നോൺ സ്ട്രൈക്കറായ ബാബർ അസം പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഷോട്ടുകൾ നോൺ സ്ട്രൈക്കർമാരുടെ ശരീരത്തിൽ തട്ടുന്നതും സ്വയം രക്ഷക്ക് തടുത്തിടുന്നതും ക്രിക്കറ്റിൽ സാധാരണയാണെങ്കിലും പുറത്തേക്ക് പോകുന്ന പന്ത് പിടിക്കാൻ ശ്രമിക്കുന്നത് വിചിത്ര കാഴ്ചയായിരുന്നു.
ബാബറിന് നേരെയല്ല പന്തു വരുന്നത് എന്ന് വീഡിയോയിൽ വ്യക്തമാണ്. പിന്നെ എന്തിന് ബാബർ അത് തടയാൻ ശ്രമിച്ചുവെന്നാണ് കൗതുകമാണ് സാമൂഹ്യമാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നത്.
ക്രിക്കറ്റ് ആസ്ട്രേയിയ തന്നെയാണ് എക്സിൽ ഈ വീഡിയെ പങ്കുവെച്ചത്. 'അൽപ നേരത്തെക്ക് ബാബർ ഫീൽഡറാണ് കരുതിയിരിക്കും' എന്നാണ് മിക്കവരും വീഡിയോക്ക് താഴെ പങ്കുവെക്കുന്ന കമ്മന്റ്.
എന്നാൽ, മത്സരത്തിൽ പാകിസ്താന്റെ പുതിയ നായകൻ ഷാൻ മസൂദിന്റെ (156*) തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ പാകിസ്താൻ ആറു വിക്കറ്റ് നഷ്ടത്തിൽ 324 റൺസെടുത്തിട്ടുണ്ട്. 40 റൺസെടുത്ത് ബാബർ അസം പുറത്തായി.
ലോകകപ്പിലെ പാക് ടീമിന്റെ ദയനീയ പ്രകടനത്തെ തുടർന്ന് ബാബർ അസം ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചിരുന്നു. മൂന്ന് ഫോർമാറ്റിൽ നിന്നും രാജിവെച്ച ബാബറിന് പകരം ടെസ്റ്റ് ടീമിനെ നയിക്കുന്നത് ഷാൻ മസൂദാണ്. ഷെഹീൻ അഫ്രീദിയാണ് ട്വന്റി 20 ടീം നായകൻ. ഏകദിനത്തിൽ നായകനെ തെരഞ്ഞെടുത്തിട്ടില്ല. ലോകകപ്പിന് ശേഷം പാകിസ്താന്റെ ആദ്യ പരമ്പരയാണ് ഡിസംബർ 14ന് പെർത്തിൽ ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരം ജനുവരി മൂന്നിന് സിഡ്ണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.