സെവാഗിന് ബഹുമാനം എന്താണെന്നറിയില്ല...; ഷാകിബിനെ വിമർശിച്ച മുൻ ഇന്ത്യൻ ഓപ്പണർക്കെതിരെ ആഞ്ഞടിച്ച് സഹതാരം

ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബുൽ ഹസനെ വിമർശിച്ച മുൻ ഇന്ത്യൻ ബാറ്റർ വിരേന്ദർ സെവാഗിനെതിരെ ആഞ്ഞടിച്ച് ബംഗ്ലാദേശ് താരം ഇമ്രുൽ ഖൈസ്. സെവാഗിൽനിന്ന് മികച്ചത് പ്രതീക്ഷിക്കുന്നതായും ഇത്തരം പരാമർശം അദ്ദേഹത്തിന്‍റെ മാന്യതക്ക് നിരക്കുന്നതല്ലെന്നും ഖൈസ് പറഞ്ഞു.

ഷാകിബ് തന്റെ പ്രകടനത്തിൽ ലജ്ജിക്കുകയും കായികരംഗത്തുനിന്ന് വിരമിക്കുകയും വേണമെന്നായിരുന്നു സെവാഗിന്റെ പ്രതികരണം. ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ഷാകിബ് ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയപ്പെട്ടതിനു പിന്നാലെയാണ് മുൻ ഇന്ത്യൻ ഓപ്പണർ വിമർശനവുമായി രംഗത്തുവന്നത്. നിങ്ങൾ പരിചയസമ്പന്നനായ ഒരു കളിക്കാരനാണെന്നും ഇപ്പോൾ നിങ്ങളുടെ കണക്കുകളിൽ സ്വയം ലജ്ജ തോന്നുകയും ട്വന്റി20 ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും വേണമെന്നാണ് ക്രിക്ബസിന് നൽകിയ അഭിമുഖത്തിൽ സെവാഗ് പറഞ്ഞത്.

നെതർലൻഡ്സിനെതിരായ മത്സരത്തിൽ 46 പന്തിൽ പുറത്താകാതെ 64 റൺസ് നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചാണ് ഷാകിബ് വിമർശകർക്ക് മറുപടി നൽകിയത്. ‘വിമർശനങ്ങൾക്ക് മറുപടി പറയുകയല്ല ഒരു താരത്തിന്റെ ജോലി’യെന്നായിരുന്നു വിമർശനങ്ങളോട് മത്സരശേഷം ഷാകിബ് പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് ഷാകിബിനെ പിന്തുണച്ച് സഹതാരം രംഗത്തെത്തിയത്.

‘ഒന്നോ രണ്ടോ ദിവസം കൊണ്ടല്ല ഷാകിബ് ഷാകിബുൽ ഹസ്സനായത്. ദീർഘകാലമായി ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഐ.സി.സിയുടെ ഒന്നാം നമ്പർ ഓൾ റൗണ്ടർ താരമാണ്. അദ്ദേഹത്തെ പോലൊരു താരത്തോട് ബഹുമാനത്തോടെ പെരുമാറണം. സെവാഗിന് അദ്ദേഹത്തിന്‍റെ കരിയറിൽ ആദരവ് ലഭിച്ചിട്ടില്ല. അതിനാൽ ബഹുമാനം എന്താണെന്നോ, മറ്റുള്ളവരെ ബഹുമാനിക്കുന്നതിനെക്കുറിച്ചോ അയാൾക്ക് ഒന്നും അറിയില്ല’ -ഖൈസിനെ ഉദ്ധരിച്ച് വിവിധ ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടുകയാണെങ്കിൽ ഇന്ത്യയായിരിക്കും എതിരാളികൾ.

Tags:    
News Summary - Bangladesh batter savages India great for Shakib dig

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.