മുംബൈ: താരപ്രഭയാൽ മുങ്ങിയ അനന്ത് അംബാനിയുടെ വിവാഹത്തിന് ലോകത്തെ പ്രശസ്തരായ ഒട്ടേറെ പേരാണ് മുംബൈയിൽ എത്തിയത്. അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസിലെ പ്രമുഖ താരങ്ങളും വിവാഹത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങൾക്ക് എത്തിയിരുന്നു. എന്നാൽ ലോകകപ്പ് നേടി നാട്ടിലെത്തിയ ഇന്ത്യൻ ടീമിന്റെ നായകൻ രോഹിത് ശർമയുടെ അസാന്നിധ്യം വലിയ ചർച്ചയായി. ദീർഘകാലമായി മുംബൈ ഇന്ത്യൻസിലുള്ള താരം ടീമിനെ അഞ്ചു തവണ കിരീട നേട്ടത്തിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
വിവാഹത്തിൽനിന്ന് വിട്ടുനിന്ന താരം ലണ്ടനിൽ വിംബിൾഡൺ വേദിയിൽ പ്രത്യക്ഷപ്പെട്ടതും വാർത്തകളിൽ ഇടം നേടി. എന്തുകൊണ്ടാവും രോഹിത് മുംബൈയിലെ വിവാഹ വേദിയിൽ എത്താതിരുന്നത് എന്ന അന്വേഷണത്തിലാണ് ഇപ്പോഴും നെറ്റിസൺസ്. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് താരത്തെ മാറ്റിയതിലുള്ള അതൃപ്തിയാകാം മാറിനിൽക്കലിനു പിന്നിലെന്ന് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നു. ദീർഘകാലം ടീമിനെ വിജയത്തിലേക്ക് നയിച്ച രോഹിത്തിന്റെ പകരക്കാരനായി ഹാർദിക് പാണ്ഡ്യയെ ആണ് ഇത്തവണ ടീം മാനേജ്മെന്റ് നിയോഗിച്ചത്.
ഹാർദികിനെ ക്യാപ്റ്റനാക്കിയതോടെ വലിയ ആരാധക രോഷമാണ് മുംബൈ ഇന്ത്യൻസിന് നേരിടേണ്ടിവന്നത്. സമൂഹമാധ്യമങ്ങളിൽ ടീമിന് പിന്തുണ കുറഞ്ഞതിനൊപ്പം ടീമിനകത്തും അസ്വാരസ്യം ഉയരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒത്തൊരുമ നഷ്ടപ്പെട്ടതോടെ മുംബൈ ഇന്ത്യൻസ് സീസണിൽ തകർന്നടിയുകയും ചെയ്തു. ഗുജറാത്ത് ടൈറ്റൻസിനെ തുടർച്ചയായി രണ്ട് തവണ ഫൈനലിലെത്തിച്ച ക്യാപ്റ്റനെന്ന ഖ്യാതിയുമായാണ് ഹാർദിക് മുംബൈയിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷകൾ പാടെ തകരുന്ന പ്രകടനമാണ് ഇത്തവണയുണ്ടായത്.
അടുത്ത സീസണിൽ രോഹിത് ടീം മാറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് മുംബൈ ടീമിന്റെ ഉടമകളിൽനിന്ന് താരം അകലം പാലിക്കുന്നതെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ രോഹിത്തോ അംബാനി കുടുംബമോ ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ക്രിക്കറ്റിൽനിന്ന് അവധിയെടുത്ത രോഹിത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന തിരക്കിലാണെന്ന് ചിലർ പറയുന്നു. പൊതുവേദികളിൽനിന്ന് മാറിനിൽക്കുന്നത് കൂടുതൽ ‘ഫാമിലി ടൈം’ കണ്ടെത്താനാണെന്നും അവർ അവകാശപ്പെടുന്നു. ശ്രീലങ്കക്കെതിരെ അടുത്ത മാസം നടക്കുന്ന ഏകദിന പരമ്പരയിൽ ഉണ്ടാകില്ലെന്ന് രോഹിത് നേരത്തെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.