തകർച്ചയിൽനിന്ന് തിരിച്ചുകയറി ബംഗ്ലാദേശ്; ഇന്ത്യക്ക് വിജയലക്ഷ്യം 266

കൊളംബോ: ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തിൽ ഇന്ത്യക്കെതിരെ 59 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി പതറിയ ബംഗ്ലാദേശിനെ മാന്യമായ സ്കോറിലെത്തിച്ച് ബാറ്റർമാർ. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസാണ് ബംഗ്ലാദേശ് അടിച്ചെടുത്തത്. 85 പന്തിൽ 80 റൺസുമായി ക്യാപ്റ്റൻ ഷാകിബ് അൽ ഹസൻ മുന്നിൽനിന്ന് നയിച്ചപ്പോൾ തൗഹിദ് ഹസന്റെ അർധസെഞ്ച്വറിയും (81 പന്തിൽ 54) നസൂം അഹ്മദിന്റെ മികച്ച പ്രകടനവും (45 പന്തിൽ 44) അവസാന ഓവറുകളിൽ മെഹ്ദി ഹസനും (23 പന്തിൽ പുറത്താവാതെ 29), തൻസീം ഹസൻ ശാകിബും (എട്ട് പന്തിൽ പുറത്താവാതെ 14) നടത്തിയ വെടിക്കെട്ടുമാണ് തുണയായത്.

തുടക്കത്തിലേ നാല് മുൻനിര ബാറ്റർമാർ പവലിയനിലേക്ക് മടങ്ങിയപ്പോൾ അഞ്ചാം വിക്കറ്റിൽ ഷാകിബും തൗഹീദും ചേർന്ന് 115 പന്തിൽ നേടിയ 101 റൺസാണ് ബംഗ്ലാദേശിനെ കരകയറ്റിയത്. ഷാകിബിനെ ഷാർദുൽ ഠാക്കൂർ ക്ലീൻ ബൗൾഡാക്കിയപ്പോൾ തൗഹീദിനെ മുഹമ്മദ് ഷമിയുടെ പന്തിൽ തിലക് വർമ പിടികൂടുകയായിരുന്നു.

സ്കോർ ബോർഡിൽ 13 റൺ​സ് ചേർത്തപ്പോഴേക്കും ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ട് പന്ത് നേരിട്ട് റൺസൊന്നുമെടുക്കാനാവാതിരുന്ന ലിട്ടൻ ദാസിനെ മുഹമ്മദ് ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 13 റൺസെടുത്ത സഹ ഓപണർ തൻസിദ് ഹസന്റെ സ്റ്റമ്പ് ഷാർദുൽ ഠാക്കൂറും തെറിപ്പിച്ചു. വൈകാതെ നാല് റൺസെടുത്ത അനാമുൽ ഹഖിനെ ഷാർദുൽ രാഹുലിന്റെ കൈയിലും 13 റൺസെടുത്ത മെഹ്ദി ഹസനെ അക്സർ പട്ടേൽ രോഹിതിന്റെ കൈയിലുമെത്തിച്ചതോടെ ബംഗ്ലാദേശ് നാലിന് 59 എന്ന നില​യിലേക്ക് കൂപ്പുകുത്തി. തുടർന്നായിരുന്നു ഷാകിബ്-തൗഹീദ് സഖ്യത്തിന്റെ രക്ഷാപ്രവർത്തനം. ഇന്ത്യക്കായി ഷാർദുൽ ഠാക്കൂർ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സർ പ​ട്ടേലും രവീന്ദ്ര ജദേജയും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് നേടി.

ശ്രീലങ്കക്കെതിരായ മത്സരത്തിൽ കളിച്ച ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകിയപ്പോൾ തിലക് വർമ, സൂര്യകുമാർ യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവർ ഇടം നേടി. 

Tags:    
News Summary - Bangladesh bounces back from collapse; India target 266 to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.