ന്യൂഡൽഹി: ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തെരഞ്ഞെടുത്തു. സെമിഫൈനലിലേക്ക് നേരിയ സാധ്യത ബാക്കിയുള്ള ശ്രീലങ്കക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്.
ലങ്കൻ നിരയിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്നിറങ്ങുന്നത്. ഓപണർ ദിമുത്ത് കരുണരത്നെക്ക് പകരം കുശാൽ പെരേരയും ദുഷാൻ ഹേമന്ദക്ക് പകരം ധനഞ്ജയ ഡിസിൽവയും ടീമിലെത്തി. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാന് പകരം ടസ്കിൻ അഹമ്മദിനെ ടീമിൽ ഉൾപ്പെടുത്തി.
ഏഴു മത്സരങ്ങളിൽ നാലു പോയന്റ് മാത്രമുള്ള ലങ്കക്ക് ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ ജയിച്ചാലും സെമിയിലേക്കുള്ള വഴി ഏറെ ദുർഘടമാണ്. മറ്റു ടീമുകളുടെ ജയപരാജയങ്ങൾക്കൊപ്പം റൺറേറ്റുകൂടി നോക്കിയാണ് സ്ഥാനങ്ങൾ തീരുമാനിക്കുക എന്നിരിക്കെ ദ്വീപുകാർ പുറത്തേക്കുള്ള വഴിയിലാണ്.
ബംഗ്ലാദേശിനു പുറമെ ന്യൂസിലൻഡിനെയും നേരിടാനുണ്ട് ശ്രീലങ്കക്ക്. കടുവകൾ വെറും രണ്ടു പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്. അടുത്ത രണ്ടു മത്സരങ്ങൾ ജയിച്ച് ഏഴാമതെങ്കിലുമെത്താനാവുമോയെന്നാണ് ഇവർ നോക്കുന്നത്.
അന്തരീക്ഷ മലിനീകരണത്തിൽ ദുരിതമനുഭവിക്കുകയാണ് ഡൽഹി. ഇവിടെ ഇന്ന് മത്സരം നടത്തുന്നതിനെക്കുറിച്ച് ആശങ്കകളുയർന്നെങ്കിലും ആരോഗ്യവിദഗ്ധർ പച്ചക്കൊടി കാണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.