ബംഗ്ലാദേശ് ക്രിക്കറ്റർ ശാകിബുൽ ഹസൻ രാഷ്ട്രീയത്തിന്‍റെ പിച്ചിലേക്ക്; 2024 തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

ബംഗ്ലാദേശ് ക്രിക്കറ്റ് താരവും നായകനുമായ ശാകിബുൽ ഹസൻ രാഷ്ട്രീയത്തിന്‍റെ പിച്ചിലും ഒരു കൈ നോക്കുന്നു. അടുത്തവർഷം ജനുവരിയിൽ നടക്കുന്ന ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ അവാമി ലീഗിന്‍റെ സ്ഥാനാർഥിയായേക്കും.

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്നതിന് താരം മൂന്നു മണ്ഡലങ്ങളിൽനിന്ന് നാമനിർദേശപത്രിക വാങ്ങിയതായി അവാമി ലീഗ് ജോയിന്‍റ് സെക്രട്ടറി ജനറൽ ബഹാഉദ്ദീൻ നസീം പറഞ്ഞു. എന്നാൽ, താരത്തിന്‍റെ സ്ഥാനാർഥിത്വം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അധ്യക്ഷതയിലുള്ള പാർലമെന്‍ററി ബോർഡ് അംഗീകരിക്കണം. എന്നാൽ, മാത്രമേ താരത്തിന് മത്സരിക്കാനാകു.

ക്രിക്കറ്റ് ഓൾ റൗണ്ടറെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത ബഹാഉദ്ദീൻ, അദ്ദേഹമൊരു സെലിബ്രിറ്റിയാണെന്നും രാജ്യത്തെ യുവാക്കൾക്കിടയിൽ വലിയ ജനസമ്മതിയുണ്ടെന്നും വ്യക്തമാക്കി. ജന്മനാടായ മഗുരു ജില്ലയിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽനിന്നോ, രാജ്യ തലസ്ഥാനമായ ധാക്കയിൽനിന്നോ ശാകിബ് മത്സരിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 15 വർഷമായി ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗാണ് രാജ്യം ഭരിക്കുന്നത്.

പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്തി ഹസീന ഏകാധിപതിയെ പോലെ പെരുമാറുകയാണെന്ന് വ്യാപക ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെ തുടർച്ചയായി നാലാം തവണയും അവാമി ലീഗ് തന്നെ ഭരണത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്യത്ത് ക്രിക്കറ്റ് താരങ്ങൾ ആദ്യമായല്ല രാഷ്ട്രീയത്തിൽ ചേരുന്നത്. 2018ൽ മുൻ നായകൻ മുഷ്റഫ് മൊർത്താസ അവാമി ലീഗിൽ ചേരുകയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Tags:    
News Summary - Bangladesh Cricketer Shakib Al Hasan Joins Politics, May Contest 2024 Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.