നേപിയർ: ആദ്യ രണ്ടു മത്സരങ്ങൾ തോറ്റ് പരമ്പര അടിയറവെച്ചെങ്കിലും മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനെ 98 റൺസിന് എറിഞ്ഞൊതുക്കി ബംഗ്ലാദേശ് കുറിച്ചത് ചരിത്ര വിജയം. സ്വന്തം മണ്ണിൽ ഒമ്പത് വിക്കറ്റിന്‍റെ നാണംകെട്ട തോൽവിയാണ് ആതിഥേയർ ഏറ്റുവാങ്ങിയത്.
ന്യൂസിലൻഡ് മണ്ണിൽ ആദ്യമായാണ് ബംഗ്ലാദേശ് ഒരു ഏകദിന മത്സരം ജയിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിനെ ബംഗ്ലാദേശ് ബൗളർമാർ 31.4 ഓവറിൽ 98 റൺസിൽ എറിഞ്ഞൊതുക്കി. മറുപടി ബാറ്റിങ്ങിൽ 15.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ ലക്ഷ്യത്തിലെത്തി. ഷോറിഫുൽ ഇസ്ലാം, തൻസീം ഹസൻ ഷാകിബ്, സൗമ്യ സർക്കാർ എന്നിവരുടെ ബൗളിങ് പ്രകടനമാണ് ന്യൂസിലൻഡ് ബാറ്റിങ് നിരയെ തരിപ്പണമാക്കിയത്.
മൂവരും മൂന്നു വിക്കറ്റ് വീതം നേടി. 26 റൺസെടുത്ത ഓപ്പണർ വിൽ യങ്ങാണ് കീവീസിന്‍റെ ടോപ് സ്കോറർ. നാലുപേർ മാത്രമാണ് കീവീസ് നിരയിൽ രണ്ടക്കം കടന്നത്. സന്ദർശകർക്കായി മുസ്താഫിസുർ റഹ്മാൻ ഒരു വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിനായി നായകൻ നജ്മുൽ ഹുസൈൻ ഷാന്‍റോ അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. 42 പന്തിൽ 51 റൺസാണ് താരം എടുത്തത്. അനാമുൽ ഹഖ് 37 റൺസെടുത്ത് പുറത്തായി.
നാലു റൺസെടുത്ത് നിൽക്കെ ഓപ്പണർ സൗമ്യ സർക്കാർ പരിക്കേറ്റ് കളംവിട്ടു. 1990ലാണ് ബംഗ്ലദേശ് ആദ്യമായി ന്യൂസിലന്‍ഡിൽ ഏകദിന മത്സരം കളിക്കുന്നത്. ഇതുവരെ 18 കളികൾ അവർ തുടർച്ചയായി തോറ്റു. 2-1 എന്ന നിലയിലാണു പരമ്പര അവസാനിച്ചത്. പ്രമുഖ താരങ്ങളുടെ അഭാവത്തിൽ യുവനിരയുമായാണ് ബംഗ്ലാദേശ് ന്യൂസിലൻഡിലെത്തിയത്.
മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരയും ബംഗ്ലാദേശ് കളിക്കുന്നുണ്ട്. ബുധനാഴ്ച നേപ്പിയറിലാണ് ആദ്യ മത്സരം. ചരിത്ര വിജയം ആരാധകർ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.