ഇന്ത്യക്കെതിരെ മുശ്ഫിഖുർറഹീമിന്റെ ബാറ്റിങ്

കുതിക്കാനൊരുങ്ങിയ ബംഗ്ലാദേശിനെ 256ൽ പിടിച്ചുകെട്ടി ഇന്ത്യ

പുണെ: തകർപ്പൻ തുടക്കവുമായി അപകടഭീഷണി മുഴക്കിയ ബംഗ്ലാദേശ് ഇന്നിങ്സിന് 256ൽ കൂച്ചുവിലങ്ങിട്ട് ഇന്ത്യ. ലോകകപ്പ് ക്രിക്കറ്റിൽ അയൽക്കാർക്കെതിരെ ആദ്യം പന്തെടുത്ത ഇന്ത്യ, ഒന്നാം വിക്കറ്റിൽ എതിരാളികൾ കാഴ്ചവെച്ച മിടുക്കിനെ പിന്നീട് കൃത്യതയാർന്ന ബൗളിങ്ങുമായി പിടിച്ചുകെട്ടുകയായിരുന്നു. ഓപണർമാരായ തൻസിദ് ഹസൻ (51), ലിറ്റൺ ദാസ് (66) എന്നിവരുടെ മികവിൽ വിക്കറ്റുപോവാതെ 93 റൺസിലെത്തിയിരുന്ന ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 256 റൺസെടുത്തത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജദേജ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ നാലോവറിൽ അതീവ സൂക്ഷ്തമതയോടെ തുടങ്ങിയ തൻസിദും ദാസും പിന്നീട് കത്തിക്കയറി. ആദ്യ അ​ഞ്ചോവറിൽ പത്തു റൺസ് മാത്രമായിരുന്നു ബംഗ്ലാ അക്കൗണ്ടിൽ. ബുംറയെ കരുതലോടെ കളിച്ച ഓപണർമാർ സിറാജിനെയും ശാർദുൽ താക്കൂറിനെയും തെര​ഞ്ഞുപിടിച്ച് ശിക്ഷിച്ചതോടെ സ്കോർ കുതിച്ചുയർന്നു. താക്കൂറിനെ ആദ്യ ഓവറിൽ രണ്ടു സിക്സും ഒരു ഫോറും പറത്തിയാണ് തൻസിദ് വരവേറ്റത്. 56 പന്തിൽ 50ലെത്തിയ ബംഗ്ലാദേശ് സ്കോർ 17.2 ഓവറിൽ 100ലെത്തി. 41 പന്തിൽ തൻസിദ് അർധശതകം പിന്നിട്ടപ്പോൾ 62 പന്തിൽ ദാസും 50 കടന്നു. ടീം ടോട്ടൽ മുന്നൂറും കടന്ന് കുതിക്കുമെന്ന പ്രതീതിയായിരുന്നു അപ്പോൾ.

അർധശതകം പിന്നിട്ടയുടൻ അപകടകാരിയായ തൻസിദിനെ തിരിച്ചയച്ച് കുൽദീപ് യാദവാണ് ആതിഥേയർക്ക് ആ​ശിച്ച ബ്രേക് ​ത്രൂ നൽകിയത്. കിറുകൃത്യമായി വിക്കറ്റിനുമുന്നിൽ കുടുങ്ങിയപ്പോൾ റിവ്യൂ നൽകാനൊന്നും ബംഗ്ലാദേശ് മിനക്കെട്ടില്ല. ഒന്നാം വിക്കറ്റിൽ 88 പന്തിൽ 93 റൺസ് ചേർത്തശേഷമാണ് തൻസിദ് മടങ്ങിയത്. 43പന്തിൽ അഞ്ചുഫോറും മൂന്നു സിക്സുമടങ്ങിയാതിരുന്നു തൻസിദിന്റെ ഇന്നിങ്സ്.

പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് ബംഗ്ലാദേശ് റണ്ണൊഴുക്കിനെ ബാധിച്ചു. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ (എട്ട്) ജദേജയുടെ പന്തിൽ വിക്കറ്റിനുമുന്നിൽ കുടുങ്ങിയപ്പോൾ മെഹ്ദി ഹസനെ (മൂന്ന്) വിക്കറ്റിനുപിന്നിൽ കെ.എൽ. രാഹുൽ അത്യുജ്വലമായി ​ഗ്ലൗസിലൊതുക്കി. സിറാജിന്റെ ആദ്യവിക്കറ്റ്. 82 പന്തിൽ ഏഴു ഫോറടക്കം 66ലെത്തിയ ദാസിന്റെ ഊഴമായിരുന്നു പിന്നെ. ജദേജയുടെ പന്തിൽ ശുഭ്മാൻ ഗില്ലിന്റെ ക്യാച്ച്. 14.3 ഓവറിൽ വിക്കറ്റ് പോവാതെ 93 എന്ന നിലയിൽനിന്ന് ബംഗ്ലാദേശ് 27.4 ഓവറിൽ നാലിന് 137 റൺസെന്ന നിലയിലായി.

പിന്നീട് തൗഹിദ് ഹൃദോയ് (16), മുശ്ഫിഖുർ റഹീം (46 പന്തിൽ 38), മഹ്മൂദുല്ല (36 പന്തിൽ 46), നസൂം അഹ്മദ് (18 പന്തിൽ 14) എന്നിവർ നടത്തിയ ചെറുത്തുനിൽപാണ് പൊരുതാവുന്ന ടോട്ടൽ ബംഗ്ലാദേശിന് സമ്മാനിച്ചത്. ബുംറ എറിഞ്ഞ അവസാന പന്ത് സിക്സിന് പറത്തിയ ശരീഫുൽ ഇസ്‍ലാം സ്കോർ 250 കടത്തി. 

Tags:    
News Summary - Bangladesh set 257 runs target for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.