ട്രോഫിയുമായി പോസ് ​ചെയ്യുന്നതിനിടെ ഹർമൻപ്രീതിന്റെ പരിഹാസം; ഇറങ്ങിപ്പോയി ബംഗ്ലാദേശ് താരങ്ങൾ - വിഡിയോ

ഇന്ത്യൻ വനിതകളും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പര നാടകീയമായ സമനിലയിൽ അവസാനിച്ചതിന് പിന്നാലെ മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ് നായിക ഹർമൻപ്രീത് കൗർ. നേരത്തെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ എൽ.ബിയിൽ കുടുങ്ങി പുറത്തായതിന് ഹർമൻപ്രീത് കൗർ ബാറ്റ് കൊണ്ട് സ്റ്റെമ്പിൽ തല്ലിയതും അമ്പയറോട് കയർത്തതും വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു.

എന്നാൽ, മത്സരശേഷം ട്രോഫിയുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ നായിക ബംഗ്ലാദേശ് ടീമിനെ പരിഹസിച്ച് സംസാരിക്കുകയും അതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് താരങ്ങൾ ചടങ്ങ് ബഹിഷ്കരിച്ച് വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. അതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഹർമൻപ്രീതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്.

‘എന്തുകൊണ്ടാണ് നിങ്ങൾ മാത്രം ഇവിടെ നിൽക്കുന്നത്. നിങ്ങളല്ല മത്സരം സമനിലയിലാക്കിയത്. നിങ്ങൾക്ക് വേണ്ടി അമ്പയർമാരാണ് അത് ചെയ്തത്. അവരെയും വിളിക്ക്, നമുക്ക് അവരുടെ കൂടെ ഫോട്ടോ എടുക്കാം..’ - ഹർമൻപ്രീത് ബംഗ്ലാദേശ് ടീമിനോട് ഇങ്ങനെയായിരുന്നു പറഞ്ഞത്. അതോടെ, ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാന്‍ നില്‍ക്കാതെ ബംഗ്ലാദേശ് താരങ്ങള്‍ ഗ്രൗണ്ട് വിട്ടു.

സംഭവത്തിന് ശേഷം പ്രതികരിച്ച ബംഗ്ലാ ക്യാപ്റ്റൻ നിഗർ സുൽത്താന ഇന്ത്യൻ ക്യാപ്റ്റൻ മര്യാദയില്ലാതെയാണ് പെരുമാറിയതെന്ന് അഭിപ്രായപ്പെട്ടു. ‘‘ഹര്‍മന്‍ ബംഗ്ലാദേശ് ക്രിക്കറ്റിനെ അപമാനിച്ചു, ഒരു കളിക്കാരിയെന്ന നിലയില്‍ അവര്‍ കുറച്ചുകൂടി മാന്യമായി പെരുമാറണമായിരുന്നു. മത്സരശേഷം ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്യാനുള്ള സാഹചര്യമല്ലായിരുന്നു അവിടെയുണ്ടായിരുന്നത്. അതുകൊണ്ടാണ് ഞങ്ങൾ ഗ്രൗണ്ട് വിട്ടത്. ക്രിക്കറ്റ് മാന്യതയുടെയും അച്ചടക്കത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും കളിയാണ്. എന്നാല്‍ ഹര്‍മന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ല.

ഹർമൻ ഔട്ടായത് കൊണ്ടാണ് അമ്പയർ ഔട്ട് വിളിച്ചത്. അവർ രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ച് പരിചയമുള്ളവരാണ്. അമ്പയർമാരുടെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു. അവരുടെ തീരുമാനമാണ് ക്രിക്കറ്റിൽ അന്തിമം’’. - നിർഗ സുൽത്താന പറഞ്ഞു.

Tags:    
News Summary - Bangladesh Team Refuses Photo Session When Harmanpreet Kaur Requests Them to Call Umpires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.