ഇന്ത്യ-ശ്രിലങ്ക ടി-20 പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ടിലും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
സ്വന്തം മണ്ണിൽ രണ്ട് മത്സരങ്ങളും തോറ്റ ലങ്കക്കെതിരെ ട്രോളുകളും വിമർശനങ്ങളും ഒരുപാട് വരുന്നുണ്ട്. ഇതിനിടയിലാണ് ലങ്കയുടെ ഒന്നാം നമ്പർ ഓൾറൗണ്ടറിനെതിരെ ആഞ്ഞടിച്ചുകൊണ്ട് മുൻ പാക് താരം ബാസിത് അലി രംഗത്തെത്തിയത്. ടി-20 ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതുള്ള വനിന്ദു ഹസരംഗെക്കെതിരെയാണ് ബാസിത് അലിയുടെ വിമർശനം.
ഹസരംഗ കരുതുന്നത് അദ്ദേഹം ക്രിക്കറ്റിനേക്കാൾ മുകളിൽ വളർന്നുവെന്നും ജസ്പ്രീത് ബുംറയെ പോലെയാണ് താൻ എന്നൊക്കെയാണെന്നും ബാസിത് പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന് ഹസരംഗക്ക് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നൽകണമെന്നും അദ്ദേഹം കളിയാക്കി പറഞ്ഞു.
'ഒന്നാം നമ്പർ ഓൾറൗണ്ടർ, വനിന്ദു ഹസരംഗ, എനിക്ക് തോന്നുന്നു ക്രിക്കറ്റിനേക്കാൾ വലുതാണ് താൻ എന്നാണ് അവൻ കരുതുന്നത്. ബാറ്റ് ചെയ്യാൻ വന്നപ്പോൾ പൂജ്യനായി അവൻ മടങ്ങി, ബൗൾ ചെയ്യാൻ വന്നപ്പോഴാണെങ്കിൽ സൂര്യ കുമാർ യാദവും യശ്വസ്വി ജയ്സ്വാളും അടിച്ചുതകർത്തുകളഞ്ഞു,' ബാസിത് അലി
രണ്ടാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ഹസരംഗ ബൗളിങ്ങിൽ രണ്ട് ഓവർ എറിഞ്ഞപ്പോൾ 34 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.
'ഹസരംഗക്ക് കളിയിലെ താരത്തിനുള്ള അവാർഡ് നൽകണമായിരുന്നു. എന്നിട്ട് അടുത്ത മത്സരത്തിൽ വിശ്രമം നൽകാം ലങ്കക്ക്. അവന്റെ ഷോട്ടുകളൊക്കെ സില്ലിയാണ് ബൗളിങ്ങും അങ്ങനെ തന്നെ. അവൻ 'ബൂം ബൂം' ബുംറയാണെന്നാണ് കരുതുന്നത്. അവൻ ബിഷ്ണോയിൽ നിന്നും പഠിക്കണം,' ബാസിത് അലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.