ടെസ്റ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്കോർ കുറിച്ച് പ്രതിരോധത്തിലായ ഇന്ത്യൻ ടീമിനെ രക്ഷിക്കാൻ വൻമതിൽ രാഹുൽ ദ്രാവിഡിനെ ഉടൻ ആസ്ട്രേലിയയിലേക്കയക്കണമെന്ന് മുൻ ഇന്ത്യൻ താരം ദിലീപ് വെങ്സാർക്കർ. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്ലി മടങ്ങുന്നതോടെ സമ്മർദത്തിലാകുന്ന ഇന്ത്യക്ക് ദ്രാവിഡിന്‍റെ അനുഭവസമ്പത്തും കോച്ചിങ് പാടവവും തുണയാകുമെന്ന് വെങ്സാർക്കർ പറഞ്ഞു.
''ബി.സി.സി.ഐ ഉടൻതന്നെ ദ്രാവിഡിനെ ആസ്ട്രേലിയയിലേക്ക് അയക്കണം. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ കളിക്കണമെന്ന് ഉപദേശിക്കാൻ ദ്രാവിഡിനേക്കാൾ മികച്ച മറ്റൊരാളില്ല. അദ്ദേഹത്തിന്‍റെ സാന്നിധ്യം നെറ്റ്സിൽ ഇന്ത്യക്ക് ഉത്തേജനമാകും''
''രണ്ടാഴ്ച ക്വാറന്‍റീനിൽ ഇരിക്കേണ്ടി വന്നാലും ജനുവരി 7ന് സിഡ്നിയിൽ നടക്കുന്ന മൂന്നാംടെസ്റ്റിന് മുമ്പ് ദ്രാവിഡിന് ടീമിനെ സഹായിക്കാനാകും'' -വെങ്സാർക്കർ അഭിപ്രായപ്പെട്ടു.
ആസ്ട്രേലിയയുമായുള്ള ആദ്യടെസ്റ്റിൽ അഡലെയ്ഡിൽ ഇന്ത്യ വെറും 36 റൺസിന് പുറത്തായിരുന്നു. രണ്ടാമിന്നിങ്സിൽ ഒരാൾക്ക് പോലും രണ്ടക്കം കടക്കാനാതിരുന്ന മത്സരത്തിൽ ഓസീസ് ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്തിരുന്നു. വിരാട് കോഹ്ലി മടങ്ങുന്നതിന്‍റെ ക്ഷീണത്തിന് പുറമേ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതും ഇന്ത്യക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.