ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി വരാനുള്ള മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്ങിന്‍റെ ശ്രമങ്ങൾക്ക് ബി.സി.സി.ഐയുടെ ചുവപ്പുകൊടി. തിരിച്ചുവരവിനുള്ള യുവിയുടെ ശ്രമങ്ങളോട് ബി.സി.സി.ഐക്ക് അനുകൂല നിലപാടല്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള പഞ്ചാബ് ടീമിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ച് യുവി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും ബി.സി.സി.ഐക്കും നേരത്തെ കത്തയച്ചിരുന്നു. ഏറെ നാളായി കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുന്ന യുവരാജിനെ ടീമിലെടുക്കാൻ പഞ്ചാബിനും തൽപര്യമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ എന്ത് കൊണ്ടാണ് യുവിയുടെ ആവശ്യം പരിഗണിക്കാത്തതെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല.
നേരത്തെ പഞ്ചാബിന്‍റെ സാധ്യതാ ടീമിൽ യുവരാജിനെ ഉൾപെടുത്തിയതോടെ ആരാധകർ തികഞ്ഞ പ്രതീക്ഷയിലായിരുന്നു. പിന്നാലെ യുവരാജ് പരിശീലനം തുടങ്ങുകയും ചെയ്തിരുന്നു. ഗൗതം ഗംഭീര്‍ അടക്കമുള്ള മുന്‍താരങ്ങള്‍ പിന്തുണയും യുവരാജിനുണ്ടായിരുന്നു. 2019ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ശേഷം കാനഡയിലെ ഗ്ലോബൽ ടി20യിൽ യുവി ബാറ്റുവീശിയിരുന്നു.
ജനുവരി 10 മുതൽ 31വരെയാണ് സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 ടൂർണമെന്‍റ് നടക്കുക. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് 58 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 1177 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 77 റൺസാണ് ഉയർന്ന സ്കോർ. 7.06 എക്കോണമിയിൽ 28 വിക്കറ്റുകളും താരം സ്വന്തമാക്കി. 2007ലെ പ്രഥമ ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായപ്പോൾ ടീമിന്‍റെ അവിഭാജ്യ ഘടകമായിരുന്നു യുവരാജ്.
ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച മൻദീപ് സിങ്ങാണ് പഞ്ചാബിന്‍റെ പുതിയ നായകൻ. ഉത്തർപ്രദേശിനെതിരെയാണ് പഞ്ചാബിന്‍റെ ആദ്യ മത്സരം. ഐ.പി.എൽ കോഴ വിവാദത്തിന് ശേഷം മലയാളി താരം എസ്. ശ്രീശാന്ത് വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തുന്നതും ടൂർണമെന്‍റിലൂടെയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.