സാം കറനെന്ന ഇംഗ്ലീഷ് ഓൾറൗണ്ടറെയും തൊട്ടുപിറകെ വിൻഡീസ് നായകൻ ജാസൺ ഹോൾഡറെയും ടീമിലെത്തിക്കാൻ മത്സരിച്ച് തോറ്റുപോയ ചെന്നൈ ഒടുവിൽ പൊന്നുംവിലക്ക് ബെൻ സ്റ്റോക്സ് എന്ന അതികായനെ സ്വന്തമാക്കുമ്പോൾ ശരിക്കും ടീമിൽ കാത്തിരിക്കുന്നത് തലമാറ്റം? 16.25 കോടിക്കാണ് ചെന്നൈ ഇംഗ്ലീഷ് ടെസ്റ്റ് ക്യാപ്റ്റനെ കൂടെകൂട്ടിയത്.
പ്രായാധിക്യത്തിനിടെയും ടീമിനെ വലിയ ഉയരങ്ങളിലേക്ക് കൈപിടിക്കുന്നതിൽ മുന്നിൽനിൽക്കുന്ന എം.എസ് ധോണിയുടെ പിൻഗാമിയായി ടീമിന്റെ നായകത്വം ഏറ്റെടുക്കാനാകുമോ സ്റ്റോക്സ് എത്തുന്നത് എന്ന സംശയമാണ് സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുന്നത്. ഇത്തവണ ഐ.പി.എൽ ലേലത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ തുകക്കാണ് സ്റ്റോക്സ് ചെന്നൈക്കാരനാകുന്നത്.
‘‘സ്റ്റോക്സ് ടീമിലെത്തിയതിൽ വലിയ സന്തോഷവും ഭാഗ്യവും. ഒരു ഓൾറൗണ്ടറെയായിരുന്നു വേണ്ടിയിരുന്നത്. സ്റ്റോക്സിനെ ലഭിച്ചത് ശരിക്കും സന്തോഷമായി. നായകത്വം ആർക്കെന്ന വിഷയമുണ്ട്. അത് പക്ഷേ, ധോണി പിന്നീട് പരിഗണിക്കുന്ന വിഷയമാണ്’’- ക്ലബ് സി.ഇ.ഒ പറഞ്ഞു.
കഴിഞ്ഞ വർഷവും ടീം നായകത്വം ധോണി വിട്ടിരുന്നു. ജഡേജയെ പകരക്കാരനാക്കിയെങ്കിലും തുടർതോൽവികൾക്കൊടുവിൽ ധോണി തന്നെ നായകനായി. ജഡേജയുമായി ടീം പ്രശ്നത്തിലായതും വാർത്തയായി.
ദേശീയ ക്രിക്കറ്റിൽനിന്ന് നേരത്തെ വിരമിച്ച ധോണി പ്രകടനമികവിൽ പിറകിലാണെങ്കിലും ടീമിന് മാറ്റിനിർത്താനാകാത്ത നായക സാന്നിധ്യമാണ്. സ്വാഭാവികമായും താരം പിൻവാങ്ങുന്ന പക്ഷം, സ്റ്റോക്സ് അതേ പദവിയിൽ എത്തുമെന്നാണ് സൂചന.
ഋതുരാജ് ഗെയ്ക്‍വാദ്, മുഈൻ അലി, അംബാട്ടി റായുഡു, ശിവം ദുബെ, ഡ്വെയ്ൻ പ്രിട്ടോറിയസ്, ദീപക് ചഹർ, മുകേഷ് ചൗധരി, മഹേഷ് തീക്ഷ്ണ തുടങ്ങിയവരടങ്ങിയതാണ് ചെന്നൈ ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.