ഓസീസിനെതിരെ അർധസെഞ്ച്വറി നേടി തിളങ്ങിയ പാക് വനിത ക്രിക്കറ്റ് താരം ബിസ്മ മറൂഫ് തന്‍റെ നേട്ടം ആറുമാസം പ്രായമുള്ള കുഞ്ഞു മകൾക്ക് സമ്മാനിച്ചു. അർധസെഞ്ച്വറി തികച്ചതിനു പിന്നാലെയാണ് ബിസ്മ കൈകൊണ്ട് തൊട്ടിലാട്ടി തന്റെ നേട്ടം മകൾ ഫാത്തിമക്ക് സമ്മാനിച്ചത്. താരം അർധസെഞ്ച്വറി ആഘോഷിക്കുന്ന ദൃശ്യങ്ങൾ നെഞ്ചിലേറ്റിരിക്കുകയാണ് ആരാധകർ.
കഴിഞ്ഞ ദിവസം ഇന്ത്യയുമായി ഏറ്റുമുട്ടിയതിൽ പാകിസ്താൻ പരാജയപ്പെട്ടുവെങ്കിലും മത്സര ശേഷം ഇന്ത്യന്‍ താരങ്ങള്‍ ബിസ്മയുടെ കുഞ്ഞുമകളെ കൊഞ്ചിക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറടക്കമുള്ള താരങ്ങള്‍ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
ന്യൂസിലാൻഡിൽ നടക്കുന്ന ലോകകപ്പിൽ പാകിസ്താൻ ഏഴു വിക്കറ്റിന് തോറ്റ മത്സരത്തിലാണ് ബിസ്മ അർധസെഞ്ച്വറി നേടിയത്. ആകെ 122 പന്തുകൾ നേരിട്ട ബിസ്മ എട്ടു ഫോറുകളോടെ 78 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു. ഇതോടെ ആസ്ട്രേലിയക്കെതിരെ ലോകകപ്പിൽ അർധസെഞ്ച്വറി നേടുന്ന ആദ്യത്തെ പാക് വനിതാ താരമെന്ന പേരും ബിസ്മക്ക് സ്വന്തം. നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് പാകിസ്താന് നേടാനായത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ തകർച്ച നേരിട്ടെങ്കിലും ബിസ്മയും ആലിയ റിയാസും നേടിയ അർധസെഞ്ച്വറികൾ ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താൻ രണ്ടാം മത്സരത്തില്‍ ആസ്ട്രേലിയയോടും തോല്‍വി വഴങ്ങുകയായിരുന്നു. തുടര്‍തോല്‍വിയിലും പാക് ടീമിന് ആശ്വാസമായത് ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ മികച്ച പ്രകടനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.