ഇസ്‍ലാമാബാദ്: പാകിസ്താൻ സൂപ്പർ ലീഗിന് മുന്നോടിയായുള്ള പ്രദർശന മത്സരത്തിനിടെ സ്റ്റേഡിയത്തിന് ഏതാനും കിലോമീറ്ററുകൾ അകലെ ക്വെറ്റയിൽ സ്ഫോടനം ഉണ്ടായതോടെ മത്സരം താൽക്കാലികമായി നിർത്തിവെക്കുകയും താരങ്ങളെ ഡ്രസ്സിങ് റൂമിലേക്ക് മാറ്റുകയും ചെയ്തു.
നവാബ് അക്തർ ഭക്തി സ്റ്റേഡിയത്തിലാണ് ഫെബ്രുവരി 13ന് ആരംഭിക്കുന്ന പി.എസ്.എല്ലിന്റെ ഭാഗമായി മുൻ താരങ്ങൾ അടക്കം അണിനിരന്ന പ്രദർശന മത്സരം അരങ്ങേറിയത്. സ്ഫോടനത്തിന് പിന്നാലെ മുൻകരുതലായാണ് കളി നിർത്തിവെച്ചതെന്നും അനുമതി ലഭിച്ചതോടെയാണ് മത്സരം പുനരാരംഭിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, കൂടുതൽ പേർ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറിയതിനാലാണ് കളി നിർത്തിവെച്ചതെന്നും അഭ്യൂഹമുണ്ട്.
മത്സരം കാണാൻ ഗാലറി നിറയെ കാണികളുണ്ടായിരുന്നു. പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം, മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി തുടങ്ങി പ്രമുഖ താരങ്ങള്‍ മത്സരത്തിനെത്തിയിരുന്നു. സർഫറാസ് അഹ്മദ് നയിച്ച ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പെഷാവർ സൽമിയും തമ്മിലായിരുന്നു മത്സരം. സുരക്ഷ പ്രശ്നങ്ങൾ കാരണം ക്വെറ്റ ഏതാനും വർഷങ്ങളായി കായിക മത്സരങ്ങൾക്കൊന്നും വേദിയായിരുന്നില്ല.
ഞായറാഴ്ചയുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. തെഹ്‍രീകെ താലിബാൻ പാകിസ്താൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റിട്ടുണ്ട്. കഴിഞ്ഞയാഴ്ച പെഷാവറിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.