ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിന്‍റെ മുഖ്യപരിശീലകനായി വെസ്റ്റിൻഡീസ് സൂപ്പർ താരമായിരുന്ന ബ്രയാൻ ലാറയെത്തും. വരാനിരിക്കുന്ന സീസണിലേക്ക് പുതിയ പരിശീലകനായി ബ്രയാൻ ലാറയെ നിയമിച്ചതായി സൺറൈസേഴ്‌സ് ഹൈദരാബാദ് സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിൽ സ്ട്രാറ്റജിക് അഡ്വൈസറും ബാറ്റിങ് കോച്ചുമായി ഹൈദരാബാദിന് ഒപ്പം ലാറ ഉണ്ടായിരുന്നു.
ആസ്ട്രേലിയക്കാരനായ ടോം മൂഡിയായിരുന്നു ഇതുവരെ ടീമിന്റെ മുഖ്യ പരിശീലകൻ. എന്നാൽ, ടോം മൂഡിയുമായി ഫ്രാഞ്ചൈസി വേർപിരിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു മൂഡിക്ക് കീഴിൽ ടീം നടത്തിയത്. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു കഴിഞ്ഞ തവണ.
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ എന്ന് വിശേഷിപ്പിക്കുന്ന ബ്രയാൻ ലാറ 131 മത്സരങ്ങളിൽ നിന്നായി 52.88 ശരാശരിയിൽ 11,953 റൺസ് നേടിയിരുന്നു. ഏകദിനത്തിൽ 299 മത്സരങ്ങളിൽ നിന്ന് 10,405 റൺസും നേടി. 2004ൽ ആസ്ത്രേലിയക്കെതിരെ ലാറ പുറത്താവാതെ നേടിയ 400 റൺസാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന റൺസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.