ഐ.പി.എൽ പോലുള്ള ട്വന്റി 20 ഫ്രാഞ്ചൈസി ലീഗുകളുടെ കടന്നുവരവാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ തകർച്ചക്ക് കാരണമെന്ന് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. വെസ്റ്റിൻഡീസ് ദേശീയ ടീമിനേക്കാൾ പ്രധാനം ഐ.പി.എല്ലുകളാണെന്ന് ചിന്തിക്കുന്നവരാണ് 18 ഉം 19ഉം വയസ്സുള്ള യുവതാരങ്ങളെന്നും ലാറ പറഞ്ഞു.
നാൽപതോ അമ്പതോ വർഷങ്ങൾക്ക് മുൻപ് രാജ്യത്തിന് വേണ്ടി കളിക്കാൻ പ്രചോദിപ്പിക്കപ്പെട്ടിരുന്നുവെങ്കിൽ ഇന്ന് കളി ഉപജീവനം കണ്ടെത്താനുള്ള മാർഗമായി മാറിയെന്നും ലാറ പറഞ്ഞു. നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക ലാഭമുള്ള അവസരങ്ങളുമായി മത്സരിക്കുക എന്നത് വിൻഡീസ് ക്രിക്കറ്റ് ബോർഡിന് ബുദ്ധിമുട്ടാണെന്നതാണ് വസ്തുത. വിൻഡീസ് ക്രിക്കറ്റിനെ തിരിച്ചുകൊണ്ടുവരുന്നത് അത്ര എളുപ്പമല്ലെങ്കിലും അന്താരാഷ്ട്ര വേദിയിലേക്ക് ഒരു ക്രിക്കറ്ററെ വളർത്താനുള്ള നടപടി സ്കൂൾ തലംമുതൽ ആരംഭിക്കണമെന്നും ലാറ പറഞ്ഞു.
നിലവിലെ കളിക്കാരുടെ ചിന്താഗതി മാറ്റുന്നത് ബുദ്ധിമുട്ടാണെന്നും അതിനാൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് ആഗോള വേദിയിൽ ലോകത്തിന്റെ തങ്ങളുടെ ഭാഗത്തെ പ്രതിനിധീകരിക്കുന്നതിന്റെ പ്രാധാന്യം അടുത്ത തലമുറയ്ക്ക് പകരാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കരീബിയൻ ജനതയെന്ന നിലയിൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് എന്താണെന്നും എന്തുകൊണ്ട് നമ്മൾ വെസ്റ്റിൻഡീസായി കളിക്കുന്നതെന്നും സ്വയം ബോധ്യപ്പെടേണ്ടതുണ്ട്.
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരങ്ങൾക്ക് കരീബിയൻ ടീമിനോടുള്ള വിശ്വസ്തത വളർത്തിയെടുക്കേണ്ടത് നിർണായകമാണെന്നും ഇതിഹാസതാരം പറഞ്ഞു. ആസ്‌ട്രേലിയയോ ഇംഗ്ലണ്ടോ അവരുടെ ക്രിക്കറ്റ് കളിക്കാർക്ക് കൂടുതൽ പ്രതിഫലം നൽകിയല്ല കളിക്കാരെ ചേർത്തുനിർത്തുന്നത്. അവർ രാജ്യത്തിന്റെ ടീമിനോടുള്ള സത്യസന്ധത വളർത്താനാണ് ശ്രമിക്കുന്നതെന്നും ലാറ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.