ഹൈദരാബാദ്: ഐ.പി.എല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മുംബൈ 192 റൺസെടുത്തു. കാമറൂൺ ഗ്രീൻ അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു.
40 പന്തിൽ 64 റൺസാണ് താരം നേടിയത്. രണ്ടു സിക്സും ആറു ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. താരത്തിന്‍റെ പ്രഥമ ഐ.പി.എൽ ഫിഫ്റ്റിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 4.4 ഓവറിൽ 41 റൺസ് അടിച്ചെടുത്തു. 28 റണ്‍സടിച്ച രോഹിത്തിന്‍റെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമായത്. ടി. നടരാജന്റെ പന്തിൽ എയ്ഡൻ മർക്രത്തിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.
പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 53 റണ്‍സടിച്ചു. ഇഷാൻ കിഷൻ 31 പന്തിൽ 38 റൺസെടുത്ത് പുറത്തായി. സൂര്യകുമാർ യാദവ് (മൂന്നു പന്തിൽ ഏഴ്), തിലക് വർമ (17 പന്തിൽ 37), ടീം ഡേവിഡ് (11 പന്തിൽ 16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഹൈദരാബാദിനായി മാർകോ ജാൻസെൻ രണ്ടു വിക്കറ്റും ഭുവനേശ്വർ കുമാർ, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.